പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍. ലില്ലെയും മോണ്ട്പില്ലെറും തമ്മിലുള്ള മത്സരത്തിനിടെയാണ് കാല്‍പ്പന്ത് കളിക്കു തന്നെ നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. കളി മോശമായിതിന് താരങ്ങളെ തല്ലാന്‍ ആരാധകര്‍ സുരക്ഷാ വലയം ഭേദിച്ച് ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു.

പോയന്റ് പട്ടികയില്‍ താഴെ നിന്നും രണ്ടാമതാണ് ലില്ലെയുടെ സ്ഥാനം. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീം മോണ്ട്പില്ലറിനോട് സമനില വഴങ്ങുകയായിരുന്നു. വിജയം കാണാതെ തുടര്‍ച്ചയായ ആറാമത്തെ മത്സരമായിരുന്നു ഇത്.

മത്സരത്തിനിടെ ഗ്യാലറിയില്‍ നിന്നും താരങ്ങള്‍ക്കെതിരെ ആരാധകര്‍ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. നിങ്ങള്‍ ഞങ്ങളുടെ ജഴ്‌സിയെ അപമാനിക്കുകയാണെന്നായിരുന്നു ആരാധകര്‍ വിളിച്ചു പറഞ്ഞിരുന്നത്. ആരാധകരെ നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നന്നേ പാടുപെട്ടിരുന്നു.

നേരത്തെ ക്ലബ് പ്രസിഡന്റ് ജെറാര്‍ഡ് ലോപ്പസ് എന്തു സംഭവിച്ചാലും ടീം ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുമെന്ന് വാക്കു നല്‍കിയിരുന്നു. ടീമിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ആരാധകരും വ്യക്താക്കിയിരുന്നു. എന്നാല്‍ ടീം നിരന്തരം പരാജയപ്പെട്ടതോടെ ആരാധകരുടെ നിയന്ത്രണം വിടുകയായിരുന്നു.

ലോപ്പസ് നോക്കി നില്‍ക്കെ ഗ്യാലറിയില്‍ നിന്നും 200 ഓളം ആരാധകര്‍ സുരക്ഷാ ഭിത്തികള്‍ തകര്‍ത്ത് ഗ്രൗണ്ടിലേക്ക് കടക്കുകയായിരുന്നു. ഏറെ പാടുപ്പെട്ടായിരുന്നു താരങ്ങളെ സ്റ്റേഡിയത്തിന് പുറത്തെത്തിച്ചത്. താരങ്ങളെ കായികമായി നേരിടാനായിരുന്നു ആരാധകര്‍ മൈതാനത്തെത്തിയത്.

അതേസമയം, ആരാധകരുടെ അമര്‍ഷം ന്യായമാണെന്നും എന്നാല്‍ അവര്‍ പ്രതികരിച്ച രീതി ഒട്ടും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടി പറഞ്ഞു. താരങ്ങള്‍ക്ക് ആരാധകരിലുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ