കൊല്‍ക്കത്ത: ഇന്ത്യൻ ക്രിക്കറ്റിലെ ദാദയാണ് സൗരവ് ഗാംഗുലി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻ എന്ന് വലിയൊരു വിഭാഗം വിശേഷിപ്പിക്കുന്ന കൊൽക്കത്തയുടെ രാജകുമാരൻ. ബിസിസിഐയുടെ ഉപദേശക സമിതിയിലെ സൂപ്പർ പവർ. ഇങ്ങനെയൊക്കെയാണെങ്കിലും മുൻ ഇന്ത്യൻ നായകന് ഒരു ട്രെയിന്‍ യാത്രക്കാരനുമായി സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തോറ്റുകൊടുക്കേണ്ടി വന്നു. പതിനഞ്ച് വര്‍ഷത്തിനുശേഷമുള്ള ഗാംഗുലിയുടെ ആദ്യ ട്രെയിന്‍ യാത്രയിലായിരുന്നു സംഭവമെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമ ബംഗാളിലെ ബലുര്‍ഗട്ടില്‍ എട്ടടി പൊക്കത്തിലുള്ള സ്വന്തം വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്നതിനുവേണ്ടിയുള്ള യാത്രയിലാണ് ഗാംഗുലിക്ക് ട്രെയിനില്‍ ദുരനുഭവം ഉണ്ടായത്. പശ്ചിമ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി അഭിഷേക് ഡാല്‍മിയക്കൊപ്പം പഡടിക് എക്‌സ്പ്രസില്‍ യാത്ര ചെയ്യേണ്ടിയിരുന്ന അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്ക് എസി ഫസ്റ്റ് ക്ലാസിലായിരുന്നു യാത്ര ഒരുക്കിയിതരുന്നത്. എന്നാല്‍, മാല്‍ഡ സ്‌റ്റേഷനില്‍ നിന്ന് ഗാംഗുലി കോച്ചില്‍ കയറിയപ്പോള്‍ സീറ്റില്‍ മറ്റൊരാള്‍. ഇയാള്‍ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്നതോടെ തര്‍ക്കം മുറുകി. ബഹളം രൂക്ഷമായതോടെ റെയില്‍വെ പോലീസിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടിവന്നു. എന്നിട്ടും തര്‍ക്കം തീരാത്തതുകൊണ്ട് ഗാംഗുലിക്ക് എസി ടു ടയറില്‍ സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയായിരുന്നു.

പരാതിയൊന്നും പറയാതെ ഗാംഗുലി യാത്ര തുടര്‍ന്നു. 2003ല്‍ ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയക്കെതിരെ കന്നി ടെസ്റ്റ് സെഞ്ചുറി നേടി ബാറ്റുയര്‍ത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന തരത്തിലാണ് പ്രതിമ നിര്‍മിച്ചിരിക്കുന്നത്. ‘കാണാൻ എന്നെപ്പോലെയുണ്ട്’ എന്ന തലക്കെട്ടോടെയാണ് പ്രതിമാ അനാച്ഛാദനത്തിന്റെ ചിത്രം ഗാംഗുലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ