കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ നിന്ന് രാജ്യം സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കായിക പ്രേമികൾ വളരെ താൽപര്യത്തോടെയാണ് കളി മൈതാനങ്ങൾ തുറക്കുന്നതും പ്രതീക്ഷിച്ചിരിക്കുന്നത്. പ്രത്യേകിച്ച് ക്രിക്കറ്റ് ആരാധകർ. ലോകത്തെ ഏറ്റവും സമ്പന്ന ലീഗുകളിലൊന്നും കുട്ടിക്രക്കറ്റിലെ ഏറ്റവും വർണാഭവുമായി ടൂർണമെന്റുകളിലൊന്നായ ഐപിഎൽ പുഃനരാരംഭിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
ആരാധകരുടെ കാത്തിരിപ്പിന് ശുഭപര്യവസാനം തന്നെയുണ്ടാകുമെന്നാണ് ബിസിസിഐ നൽകുന്ന സൂചന. ഐപിഎൽ സംഘടിപ്പിക്കുന്നതിനുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ അഫിലിയേറ്റഡ് അംഗങ്ങൾക്കയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Also Read: ഐപിഎൽ ഇന്ത്യക്ക് പുറത്തേക്ക്?: ലിഗിന് വേദിയാവാൻ യുഎഇ സന്നദ്ധത അറിയിച്ചതായി റിപോർട്ട്
” ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് കളിക്കുകയാണെങ്കിലും ഈ വർഷം ഐപിഎൽ നടത്താൻ സാധ്യമായ എല്ലാ വഴികളും ബിസിസിഐ പരിശോധിക്കുന്നുണ്ട്. ആരാധകർ, ഫ്രാഞ്ചൈസികൾ, കളിക്കാർ, പ്രക്ഷേപകർ, സ്പോൺസർമാർ തുടങ്ങി എല്ലാ പങ്കാളികളും ഈ വർഷം ഐപിഎൽ നടക്കുമോയെന്ന് ഉറ്റുനോക്കുകയാണ്. ഇത് സംബന്ധിച്ച ഭാവി നടപടികളെക്കുറിച്ച് ബിസിസിഐ ഉടൻ തീരുമാനമെടുക്കും” ഗാംഗുലി പറഞ്ഞു.
ഈ വർഷത്തെ ലീഗിന് ആതിഥേയത്വം വഹിക്കാൻ യുഎഇ സന്നദ്ധതയറിയിച്ചതായി ഗൾഫ് ന്യൂസ് നേരത്തെ റിപോർട്ട് ചെയ്തതിരുന്നു. ഒക്ടോബർ- നവംബർ മാസങ്ങളിലായി ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പ് നീട്ടിവച്ചാലായിരിക്കും ഐലീഗ് യുഎഇയിൽ നടത്തുന്നതിനുള്ള സാധ്യതയൊരുങ്ങുക.
Also Read: മതത്തിന്റെ പേരിലെ കൊലപാതകങ്ങളോട് താരങ്ങള്‍ പ്രതികരിക്കാത്തത് എന്തുകൊണ്ട്? ഇര്‍ഫാന്‍ പത്താന്‍ ചോദിക്കുന്നു
ലീഗിന് യുഎഇ വേദിയാക്കാമെന്ന നിർദേശം ബിസിസിഐയുടെ മുൻപാകെ സമർപിച്ചതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് (ഇസിബി) ജനറൽ സെക്രട്ടറി മുബാഷിർ ഉസ്മാനി പറഞ്ഞതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇംഗ്ലണ്ടിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിനെ സന്നദ്ധത അറിയിച്ചതായും ഉസ്മാനി പറഞ്ഞു. ദ്വിരാഷ്ട്ര മത്സരങ്ങൾക്കും ബഹുരാഷ്ട്ര ടൂർണമെന്റുകൾക്കും വേദിയായ പരിചയം യുഎഇക്കുണ്ടെന്നും ഇതിനാൽ ഇന്ത്യൻ, ഇംഗ്ലീഷ് ക്രിക്കറ്റ് മത്സരങ്ങൾ യുഎഇയിൽ സുഗമമായി നടത്താനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മുബാഷിർ ഉസ്മാനി ഗൾഫ് ന്യൂസിനോട് പറഞ്ഞു.