ലണ്ടന്‍: വേഗത്തിന്‍റെ പര്യായമായ ഉസൈന്‍ ബോള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ബോൾട്ട് മൂന്നാമനായാണ് ഫിനിഷ് ചെയ്തത്. അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഫൈനലിൽ 9.95 സെക്കൻഡിൽ ഓടിയെത്തിയാണ് ബോൾട്ട് മൂന്നാമതെത്തിയത്. 9.92 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയാണ് യുഎസ് താരം ജസ്റ്റിൻ ഗാട്‍ലിൻ സ്വര്‍ണമണിഞ്ഞത്. 9.94 സെക്കൻഡിൽ ഓടിയെത്തിയാണ് യുഎസിന്റെ തന്നെ ക്രിസ്റ്റ്യൻ കോൾമാൻ വെള്ളിയും നേടിയത്.
100 മീറ്ററും 4-100 മീറ്റര്‍ റിലേയുമാണ് വേഗത്തിന്‍റെ തമ്പുരാൻ തന്റെ കായികജീവിതത്തിലെ അവസാന ഇനങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇനി ബാക്കിയുള്ളത് റിലേ മാത്രം. ഈ മാസം 13ന് റിലേ മത്സരത്തിനായി ബൂട്ടണിയുമ്പോൾ വിജയത്തിൽ കുറഞ്ഞൊന്നും, വേഗത്തെ തന്നിലേക്ക് ചുരുക്കിയ ബോൾട്ട് പ്രതീക്ഷിക്കുന്നുണ്ടാവില്ല.