ധോണിയുടെ മടങ്ങിവരവ് ലോക്ക്ഡൗൺ കാലത്തും വലിയ ചർച്ച വിഷയം തന്നെയാണ്. ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച നായകൻ കഴിഞ്ഞ ഇംഗ്ലണ്ട് ലോകകപ്പിന് ശേഷം ഇന്ത്യയ്ക്കായി ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്ന കണക്ക് കൂട്ടൽ കൊറോണ വൈറസും അസ്ഥാനത്താക്കിയതോടെ ധോണിയുടെ മടങ്ങിവരവും വിരമിക്കലും വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്.

അതിനിടയിലാണ് #DhoniRetires (ധോണി വിരമിക്കുന്ന) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാകുന്നത്. നിരവധി ആളുകളാണ് ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ട്വീറ്റ് ചെയ്തതും. അപ്രതീക്ഷിതമായിട്ടായിരുന്നു ഇങ്ങനെ ഒരു ഹാഷ്ടാഗ് സമൂഹമാധ്യമത്തിൽ ഉയർന്നു വന്നതും. എന്നാൽ അതിന് മറുപടിയുമായി താരത്തിന്റെ പത്നി തന്നെ രംഗത്തെത്തി. ധോണിയുമായി ബന്ധപ്പെട്ട വിരമിക്കൽ വാർത്തകളെല്ലാം തള്ളിക്കൊണ്ടായിരുന്നു സാക്ഷിയുടെ ട്വീറ്റ്.

“അത് വെറും കിംവദന്തികൾ മാത്രമാണ്. ലോക്ക്ഡൗൺ ചിലരുടെയൊക്കെ മാനസിക നില തെറ്റിച്ചുവെന്ന് എനിക്ക് മനസിലാകും,” എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്.

Read Also: ഈ ട്വീറ്റ് അപമാനകരമാണ്; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആഞ്ഞടിച്ച് മനോജ് തിവാരി

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂവെന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുമെന്നായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook