ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമി ഫൈനലിന് മുമ്പ് ലിവര്‍പൂളിന് കനത്ത തിരിച്ചടി. സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹും ഫിര്‍മിനോയും ബാഴ്‌സലോണയ്‌ക്കെതിരായ രണ്ടാം പാദ സെമി ഫൈനലില്‍ കളിക്കില്ലെന്ന്് പരിശീലകന്‍ ക്ലോപ്പ് അറിയിച്ചു. ഒന്നാം പാദ സെമിയില്‍ ബാഴ്‌സ 3-0 ന് ലിവര്‍പൂളിനെ പരാജയപ്പെടുത്തിയിരുന്നു.

ശനിയാഴ്ച ന്യൂകാസില്‍ യുണൈറ്റഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെയായിരുന്നു സലാഹിന് പരുക്കേല്‍ക്കുന്നത്. തലയ്ക്ക് പരുക്കേറ്റ താരത്തെ മൈതാനത്തു നിന്നും സ്‌ട്രെച്ചറിലാണ് എടുത്തു കൊണ്ടു പോയത്. കളി 3-2 ന് ലിവര്‍പൂള്‍ ജയിച്ചെങ്കിലും സൂപ്പര്‍ താരത്തിനേറ്റ പരുക്ക് കനത്ത തിരിച്ചടിയായി മാറി.

ബ്രസീലിയന്‍ താരം ഫിര്‍മിനോയ്ക്ക് മസ്‌കുലാര്‍ ഇഞ്ചുറിയായതില്‍ ശനിയാഴ്ച താരം കളിക്കിറങ്ങിയിരുന്നില്ല.”രണ്ട് പേരും നാളെയുണ്ടാകില്ല” ക്ലോപ്പ് പറയുന്നു.”ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍മാരില്‍ രണ്ടു പേരും നാളെയില്ല. ഞങ്ങള്‍ക്ക് 90 മിനുറ്റിനുള്ളില്‍ നാല് ഗോളും അടിക്കണം. പക്ഷെ കാര്യങ്ങള്‍ അവര്‍ക്കത്ര എളുപ്പമാകില്ല. ഞങ്ങളുടെ 11 പേരും മൈതാനത്തുള്ളിടത്തോളം പൊരുതും. ജയിച്ചാല്‍ അത് മനോഹരമാകും. ഇല്ലെങ്കില്‍ മനോഹരമായി കളിച്ച് തോല്‍ക്കും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ അവസാന മത്സരത്തില്‍ വോള്‍വര്‍ഹാംപ്ടണിനെതിരെ സലാഹ് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാളെ കളിക്കിറങ്ങാന്‍ സലാഹിന് അതിയായ ആഗ്രഹമുണ്ടെങ്കിലും താരത്തെ ഇറക്കുന്നത് അസാധ്യമാണെന്ന് ക്ലോപ്പ് വ്യക്തമാക്കി.

എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ആദ്യ പാദത്തില്‍ ലിവർപൂളിനെ ബാഴ്സ തറപറ്റിച്ചത്. മത്സരത്തിൽ ഇരട്ടഗോൾ നേടിയ മെസി ബാഴ്സലോണയുടെ കുപ്പായത്തിൽ 600-ാം ഗോളും തികച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് സെമിയിലെത്തിയ ബാഴ്ലോണ ലിവർപൂളുമായുള്ള ആദ്യപാത സെമിപാത മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു.

ബാഴ്സയുടെ തട്ടകമായ ന്യൂക്യാമ്പിൽ മത്സരത്തിനിടെ ഒരിക്കൽ പോലും കാര്യമായ വെല്ലുവിളി ഉയർത്താൻ ലിവർപൂളിനായില്ല. ആദ്യ പകുതിയിൽ ഗോൾ ലൂയി സൂവാരസിന്റെ വക. രണ്ടാം പകുതിയിൽ തുടരെ തുടരെ രണ്ട് ഗോളുകൾ മെസിയുടെ കാലിൽ നിന്ന്. മത്സരം തുടങ്ങി 26-ാം മിനിറ്റിലായിരുന്നു ലൂയി സുവാരസിന്റെ വക ഗോൾ. ഒപ്പമെത്താൻ ലിവർപൂൾ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ആദ്യ പകുതി 1 – 0ന് ബാഴ്സ ലീഡെടുത്തു.

രണ്ടാം പകുതിയിലായിരുന്നു മെസിയുടെ മായാജാലം. തുടക്കത്തിൽ ഗോൾ മടക്കാൻ ലിവർപൂൾ താരം മുഹമ്മദ് സലായ്ക്ക് അവസരം ലഭിച്ചെങ്കിലും പോസ്റ്റിൽ തട്ടി മാറുകയായിരുന്നു. 75-ാം മിനിറ്റിലായിരുന്നു മെസിയുടെ ആദ്യ ഗോൾ. ബാഴ്സയുടെ തകർപ്പൻ മുന്നേറ്റത്തിൽ ഗോളടിക്കാനുള്ള ചുമതല സുവാരസിനായിരുന്നു. എന്നാൽ സുവാരസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതോടെ മെസി പന്ത് പിടിച്ചെടുത്ത് വീണ്ടും പോസ്റ്റിലേക്ക് തുടുക്കുകയായിരുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook