സ്വിറ്റ്സർലൻഡിന്റെ ഫോർവേഡ് താരം സെർദിയാൻ ഷാഖിരിയുമായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂൾ കരാർ ഒപ്പുവച്ചു. സ്റ്റോക് സിറ്റി എഫ്‌സി താരമായ ഷാഖിരിയെ 13.5 ദശലക്ഷം പൗണ്ട് (122.33 കോടി രൂപ) ചെലവഴിച്ചാണ് ലിവർപൂൾ സ്വന്തമാക്കിയിരിക്കുന്നത്.

“മികച്ച താരങ്ങളും വലിയ ചരിത്രവും ഒരു സൂപ്പർ കോച്ചും (ജോർഗൻ ക്ലോപ്) ഉളള ഒരു വലിയ ക്ലബാണ് ലിവർപൂൾ എഫ്‌സി. അതുകൊണ്ട് ഇവിടെ എത്താനായതിൽ എനിക്ക് വളരെയേറെ സന്തോഷവും അഭിമാനവും ഉണ്ട്,” 26കാരനായ ഷാഖിരി പറഞ്ഞു.

സ്വിറ്റ്സർലൻഡിന് വേണ്ടി ലോകകപ്പിൽ ആദ്യമായി പന്ത് തട്ടിയ ഷാഖിരി വളരെ പെട്ടെന്നാണ് ലോകമാകെയുളള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. സ്വീഡനോട് തോറ്റ് പ്രീ ക്വാർട്ടറിൽ സ്വിറ്റ്സർലൻഡ് പുറത്തായി. എങ്കിലും കഴിഞ്ഞ 74 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടിയ ഷാഖിരിയുടെ കാൽക്കരുത്തും കളിമികവും ലിവർപൂളിന്റെ കാൽപ്പന്തിന് വേഗവും നേട്ടവും പകരുമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ.

എഫ്‌സി ബേസിലിലാണ് ഷാഖിരി കളി തുടങ്ങിയത്. അത് കഴിഞ്ഞ് ആറ് മാസം ഇന്റർമിലാനിലായിരുന്നു. പിന്നീട് 2012 ൽ ബയേൺ മ്യൂണിക്കിലേക്ക് ഈ താരം കൂടുമാറി. 2013 ൽ ചാംപ്യൻസ് ലീഗ് നേടിയ ബയേൺ ടീമിൽ അംഗമായിരുന്നു അദ്ദേഹം.

എന്നാൽ പിന്നീട് സ്റ്റോക് സിറ്റിയിലേക്കാണ് താരത്തിന് പോകേണ്ടി വന്നത്. ഇവിടെ മൂന്ന് വർഷം കൊണ്ട് 84 കളികളിൽ നിന്ന് 15 ഗോളുകളായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. സ്റ്റോക് സിറ്റി തരംതാഴ്ത്തപ്പെട്ടതോടെയാണ് മുഖ്യധാര ഫുട്ബോൾ ലോകത്ത് നിന്ന് ഷാഖിരിയും പിന്നണിയിലേക്ക് പോയത്. പക്ഷെ ഈ ലോകകപ്പിൽ അദ്ദേഹം തകർപ്പൻ പ്രകടനത്തിലൂടെ തിരികെ വന്നു.

മുൻപ് 2014 ൽ തന്നെ ഷാഖിരി ലിവർപൂളിലേക്ക് മാറേണ്ടതായിരുന്നു. എന്നാൽ ബയേൺ മ്യൂണിക് ഈ നീക്കം തടയുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ