ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കിരീടമുയർത്തി ലിവർപൂൾ. ഇന്നലെ നടന്ന സീസണിലെ അവസാന ഹോം മത്സരത്തിൽ ചെൽസിയെ തകർത്താണ് ചെമ്പട കിരീടം ആൻഫീൽഡിന്റെ ഷെൽഫിലെത്തിച്ചത്. മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ചെൽസിയെ ലിവർപൂൾ തറപറ്റിച്ചത്. കിരീടം നേരത്തെ തന്നെ ഉറപ്പിച്ച ലിവർപൂളിന്റെയും ആരാധകരുടെയും ആഘോഷരാത്രിയാണ് കടന്നുപോകുന്നത്.
Read More: ആൻഫീൽഡിൽ ഇരുട്ടിനെയും ചുവപ്പിച്ച് ലിവർപൂൾ ആരാധകർ
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന സമ്മാനദാന മത്സരത്തിൽ വീട്ടിലിരുന്ന് ആഘോഷിച്ച് ആരാധകർക്ക് വലിയ വിരുന്ന് തന്നെയാണ് ലിവർപൂൾ ഒരുക്കിയത്. സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന മത്സരത്തിൽ ആൽഫീൽഡിൽ ആതിഥേയർ ആധിപത്യം തുടർന്നു.
Read More: കിരീടനേട്ടങ്ങളിലും മുന്നിൽ; ചരിത്രത്തിൽ ലിവർപൂൾ
ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ മൂന്ന് ഗോളിന്റെ ലീഡെടുത്ത ലിവർപൂൾ ചെൽസിയുടെ തിരിച്ചടികൾക്കും മറുപടി നൽകിയതോടെ തകർപ്പൻ മത്സരത്തിനാണ് ആൻഫീൽഡ് വേദിയായത്. 23-ാം മിനിറ്റിൽ നബി കെയ്റ്റയുടെ വകയായിരുന്നു ആദ്യ ഗോൾ. 38-ാം മിനിറ്റിൽ അലക്സാണ്ടർ അർണോൾഡും 43-ാം മിനിറ്റിൽ ജോർജിനിയോയും ലീഡ് ഉയർത്തി. എന്നാ ആദ്യ പകുതിയുടെ ഇഞ്ച്വുറി ടൈമിൽ ഒലിവർ ജെറാഡിലൂടെ ചെൽസി ഒരു ഗോൾ മടക്കി. ആദ്യ പകുതിയിൽ ചെമ്പട 3-1ന് മുന്നിൽ.
രണ്ടാം പകുതിയിലും ആദ്യം ഗോൾ കണ്ടെത്തിയത് ലിവർപൂളായിരുന്നു. 55-ാം മിനിറ്റിൽ രോബർട്ടോ ഫിർമീഞ്ഞോയിലൂടെ ലിവർപൂൾ ഗോൾ സമ്പാദ്യം നാലാക്കി. 61-ാം മിനിറ്റിൽ ടാനി എബ്രാഹാമിലൂടെയും 73-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിക്കിലൂടെയും തിരിടച്ചടിച്ച ചെൽസിക്ക് എന്നാൽ ലിവർപൂളിന്റെ ഒപ്പമെത്താൻ അതുപോരായിരുന്നു. 84-ാം മിനിറ്റിൽ ഷെമ്പർലിയാൻ ചെൽസിയുടെ മേൽ അവസാന ആണിയും അടിച്ച് ഗോൾ പട്ടിക പൂർത്തിയാക്കി.
Read More: യൂർഗൻ ക്ലോപ്പ്: ഹെവി മെറ്റലിൽ ഫുട്ബോൾ മൈതാനത്ത് സംഗീതം വിരിയിച്ച മാന്ത്രികൻ
30 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ആൻഫീൽഡിലെത്തുന്നത്. 1990ന് ഇതാദ്യമായാണ് ലിവർപൂൾ കിരീടത്തിൽ മുത്തമിടുന്നത്. കഴിഞ്ഞ സീസണിൽ അവസാന ലാപ്പിൽ നഷ്ടമായ കിരീടം ഇത്തവണ വ്യക്തമായ ആധിപത്യത്തോടെ ചെമ്പട സ്വന്തമാക്കുകയായിരുന്നു. പ്രീമിയർ ലീഗ് കാലഘട്ടത്തിലെ ചെമ്പടയുടെ ആദ്യ കിരീടനേട്ടം കൂടിയാണിത്.
സീസണിൽ ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ലീഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മത്സരം അവശേഷിക്കെ ഒരു ടീം കിരീടത്തിലെത്തുന്നത്. 2000-2001 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡും 2017-2018 സീസണിൽ മാഞ്ചസ്റ്റർ സിറ്റിയും അഞ്ച് മത്സരം ബാക്കി നിൽക്കെ കിരീടം സ്വന്തമാക്കിയിരുന്നു. ഞായറാഴ്ച ന്യൂകാസ്റ്റിലിനെതിരെയാണ് ലിവർപൂളിന്റെ സീസണിലെ അവസാന മത്സരം.
Read More: ലിവര്‍പൂളിന്റെ പ്രീമിയര്‍ ലീഗ് കപ്പ് വിജയത്തിന് പിന്നിലെ ക്ലോപ്പിന്റെ മിടുക്ക്
കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങൾക്കിടയിലും ആൻഫീൽഡിന് വെളിയിൽ തങ്ങളുടെ പ്രിയ ടീം ജേതാക്കളായത് കാണാൻ ആരാധകർ തടിച്ചുകൂടിയിരുന്നു. ഈ കിരീടം ലിവർപൂൾ ആരാധകർക്ക് വേണ്ടിയാണെന്ന് പരിശീലകൻ യോർഗൻ ക്ലോപ്പ് പറഞ്ഞു. കൊറോണ ഭീഷണി തീർന്നാൽ കിരീടനേട്ടം വലിയ രീതിയിൽ ആഘോഷിക്കുമെന്നും ക്ലോപ്പ് ആരാധകർക്ക് വാക്കുനൽകി.