പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ നോർവിച്ച് സിറ്റിയെ തകർത്തതോടെ ഈ സീസണിൽ ചെമ്പടെ 25-ാം ജയവും കുറിക്കപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ലിവർപൂളിന്റെ ജയം.
സീസണിൽ ലിവർപൂൾ നേടുന്ന തുടർച്ചയായ 17-ാം ജയം കൂടിയാണിത്. നോർവിച്ചിനെ തകർത്തതോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായുള്ള അന്തരം 25 പോയിന്റായും ലിവർപൂൾ ഉയർത്തി.
Also Read: ചരിത്രം തിരുത്തി കേരള ബ്ലാസ്റ്റേഴ്സ്; ബെംഗളൂരുവിനെതിരെ തകർപ്പൻ ജയം
കരുത്തരായ ലിവർപൂളിനെതിരെ മികച്ച പ്രകടനമാണ് നോർവിച്ച് പുറത്തെടുത്തത്. എന്നാൽ സാഡിയോ മനെയുടെ ഗോളിൽ ചെമ്പട ജയം സ്വന്തമാക്കുകയായിരുന്നു. പകരക്കാരനായി എത്തിയായിരുന്നു മനെ ലിവർപൂളിന്റെ രക്ഷകനായത്.
Clinical https://t.co/nhSB8hdfUK
— Liverpool FC (@LFC) February 15, 2020
മത്സരത്തിന്റെ പൂർണാധിപത്യം ലിവർപൂളിന് തന്നെയായിരുന്നു. പന്ത് കയ്യടക്കം വക്കുന്നതിൽ മുന്നിൽ നിന്ന ലിവർപൂൾ 17 തവണ നോർവിച്ച് പോസ്റ്റിലേക്ക് നിറയൊഴിച്ചു. എന്നാൽ നോർവിച്ച് ഗോൾകീപ്പർ ടിം ക്രുൽ പലപ്പോഴും പോസ്റ്റിന് മുന്നിൽ ഉറച്ചു നിന്നതോടെ ഗോൾ മാത്രം ലക്ഷ്യത്തിലെത്തിയില്ല. ഗോൾരഹിതമായി ആദ്യ പകുതി സമനിലയിൽ അവസാനിപ്പക്കുന്നതിന് നോർവിച്ച് പ്രതിരോധം നന്നായി വിയർപ്പൊഴുക്കേണ്ടി വന്നു.
Also Read: ഷാഹിദ് അഫ്രീദി അഞ്ചാമതും അച്ഛനായി, കൺമണിക്ക് പേര് വേണം
എന്നാൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മനെ 78-ാം മിനിറ്റിൽ ലക്ഷ്യം കാണുകയായിരുന്നു. ഇംഗ്ലണ്ടിലെത്തിയ ശേഷം സെനഗൽ താരം നേടുന്ന 100-ാം ഗോൾ കൂടിയായിരുന്നു ഇത്.
26 മത്സരങ്ങളിൽ 25ഉം ലിവർപൂൾ ജയിച്ചപ്പോൾ ഒരു മത്സരം മാത്രം സമനിലയിൽ അവസാനിക്കുകയായിരുന്നു. 76 പോയിന്റുകളാണ് ലിവർപൂളിന്റെ അക്കൗണ്ടിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി 51 പോയിന്റ് നേടിയിട്ടുണ്ട്. 50 പോയിന്റുള്ള ലെയ്സ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.