ലണ്ടന്‍: റഷ്യയില്‍ നടന്ന ഫിഫ ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബ്രസീല്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കര്‍ ഇനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്‌സിയുടെ താരം. ചെല്‍സി, റയല്‍ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ക്ഷണം നിരസിച്ചാണ് ആലിസണ്‍ ലിവര്‍പൂളിലെത്തുന്നത്.

66.8 ദശലക്ഷം യൂറോയ്ക്കാണ് കരാര്‍. ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമയില്‍ നിന്നാണ് ആലിസണ്‍ ലിവര്‍പൂള്‍ പാളയത്തിലേക്ക് എത്തുന്നത്. നേരത്തെ ആലിസണോടൊപ്പം റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസിനായി ലിവര്‍പൂള്‍ വലവിരിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

നവാസിനെക്കാളും ആരാധകര്‍ക്ക് പ്രിയം ഇരുപത്തിയഞ്ചുകാരനായ ബ്രസീലിയന്‍ ഗോള്‍കീപ്പറിനെയാണ് എന്നതും തീരുമാനത്തിന് കാരണമായി. പൊസിഷനിലും റിയാക്ഷനിലും ഏറെ മികവുപുലര്‍ത്തുന്ന ആലിസണ്‍ ബെക്കറിന്റെ പ്രായവും ലിവര്‍പൂളിനെ ആകര്‍ഷിച്ചിരിക്കണം. ഇരുപത്തിയഞ്ചുകാരനായ ആലിസണ്‍ ആറുവര്‍ഷത്തേക്കാണ് ലിവര്‍പൂളുമായി ധാരണയിലെത്തുന്നത്.

ബെക്കറിന്‍റെ വേഗതയുള്ള റിഫ്ലക്സുകള്‍ ലിവര്‍പൂളിന്‍റെ ദീര്‍ഘകാലമായി അലട്ടുന്ന ഗോള്‍കീപ്പിങ് പോരായ്മകളെ കവച്ചുവയ്ക്കുന്നതാകും. കഴിഞ്ഞ സീസണില്‍ റോമയ്ക്ക് വേണ്ടി മുപ്പത്തിരണ്ട് കളികളില്‍ പതിനാല് ക്ലീന്‍ ഷീറ്റ് നേടിയിട്ടുണ്ട് ആലിസണ്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook