ലണ്ടന്‍ : ചാമ്പ്യന്‍സ്‌ ലീഗ് ഗ്രൂപ്പ് തല മത്സരത്തില്‍ പിഎസ്ജിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ലിവര്‍പൂള്‍. ഇഞ്ചുറി ടൈമില്‍ ബ്രസീലിയന്‍ റോബര്‍ട്ടോ ഫെര്‍മിനോ നേടിയ തകര്‍പ്പന്‍ ഗോളിന്റെ മികവിലാണ് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിജയന്‍,

ലിവര്‍പൂളിന്റെ സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ആദ്യ ഗോള്‍ കണ്ടെത്തുന്നത് ലിവര്‍പൂളാണ്. മുപ്പതാം മിനുട്ടില്‍ സ്റ്ററിഡ്ജ് കണ്ടെത്തിയ ഹെഡ്ഡര്‍ ഗോളിലൂടെ ആദ്യ ഗോള്‍ കണ്ടെത്തിയ ചെമ്പടയ്ക്ക് ആറ് മിനുട്ടിനുള്ളില്‍ തന്നെ മറ്റൊരു പെനാല്‍റ്റി കിക്ക് ലഭിച്ചു. ജെയിംസ്‌ മില്‍നര്‍ എടുത്ത പെനാല്‍റ്റി കിക്കും ഗോളായതോടെ മുപ്പത്തിയാറാം മിനുട്ടില്‍ ലിവര്‍പൂളിന് രണ്ട് ഗോളിന്റെ അപ്രമാദിത്വം. നാല്‍പതാം മിനുട്ടില്‍ പിഎസ്ജിയുടെ ബെല്‍ജിയംകാരനായ പുള്‍ബാക്ക് ലിവര്‍പൂള്‍ പോസ്റ്റിലേക്ക് പന്ത് പായ്ക്കുന്നു.

രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ശക്തമായി കളിച്ച പിഎസ്ജി 83ാം മിനുട്ടില്‍ കളി പിടിച്ചെടുക്കുന്നു. മുഹമ്മദ്‌ സലാഹ് നഷ്ടപ്പെടുത്തിയ പന്ത് കൈവശപ്പെടുത്തിയ പിഎസ്ജിയുടെ മികച്ചൊരു കൗണ്ടര്‍ അറ്റാക്ക്. കിലിയന്‍ എംബപ്പെയുടെ മനോഹരമായൊരു ഷോട്ട് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ ബെക്കറെ മറികടക്കുന്നു.

മത്സരം ഇഞ്ചുറി ടൈമിലേക്ക് കടന്നപ്പോള്‍ റോബര്‍ട്ടോ ഫെര്‍മിനോ കണ്ടെത്തിയ തകര്‍പ്പന്‍ ഗോളിന്റെ മികവില്‍ ലിവര്‍പൂളിന് അവസാന മിനുട്ട് ജയം. സ്റ്ററിഡ്ജിന് പകരക്കാരനായി ഫെര്‍മിനോയെ ഇറക്കാനുള്ള പരിശീലകന്‍ ഹ്യൂഗന്‍ ക്ലോപ്പിന്റെ തന്ത്രം വിജയിക്കുകയായിരുന്നു.

പിഎസ്ജിയുടെ ബോക്സിന്റെ വലതേ അറ്റത്ത് പന്ത് കൈവശപ്പെടുത്തിയ ബ്രസീലിയന്‍ ബോക്സിലുള്ള നാല് പ്രതിരോധ താരങ്ങളെയും ഗോളിയെയും മറികടന്ന് പോസ്റ്റിന്റെ ഫാര്‍ കോര്‍ണര്‍ കണ്ടെത്തുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനാമിനെതിരെ നടന്ന അവസാന മത്സരത്തില്‍ കണ്ണിനേറ്റ പരുക്കിനെ തുടര്‍ന്ന് ഫെര്‍മിനോ ശാസ്ത്രക്രിയക്ക് വിധേയമായിരുന്നു. ലിവര്‍പൂളിന്റെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരം നഷ്ടപ്പെടുത്തും എന്ന് കരുതിയ താരമാണ് വിജയശില്‍പ്പിയായത്. പരുക്കേറ്റ കണ്ണ് പൊത്തിപ്പിടിച്ചായിരുന്നു ഫെര്‍മിനോയുടെ ഗോളാഘോഷം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ