കായികലോകത്ത് കാത്തിരിപ്പുകൾ അവസാനിക്കുമ്പോഴുള്ള സന്തോഷം അത് എത്ര ആഘോഷിച്ചാലും മതിവരില്ല. ആ അവസ്ഥയിലാണ് ഇന്ന് ലോകമെമ്പാടുമുള്ള ലിവർപൂൾ ആരാധകർ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിന് വേണ്ടിയുള്ള ചെമ്പടയുടെ കാത്തിരിപ്പ് അവസാനിച്ചത് 30-ാം വർഷത്തിലാണ്. പ്രീമിയർ യുഗത്തിൽ ഇതാദ്യമായാണ് ലിവർപൂൾ കിരീടത്തിന് അവകാശികളാകുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡ് മുതൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരാധകർ കിരീടനേട്ടം ആഘോഷമാക്കി. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ആളുകൾ തെരുവിലിറങ്ങി. ലിവർപൂളിന് കിരീടം ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റി – ചെൽസി മത്സരം അവസാനിച്ചതിന് പിന്നാലെ രണ്ടായിരത്തോളം ആളുകളാണ് ആൻഫീൽഡിൽ ഒത്തുചേർന്നത്.

ചുവന്ന വെളിച്ചം തെളിച്ചും ആകാശവും കെട്ടിടങ്ങളും ചുവപ്പിച്ചും പടക്കം പൊട്ടിച്ചും പാട്ടു പാടിയുമൊക്കെയാണ് ലിവർപൂൾ ആരാധകർ കഴിഞ്ഞ പകലിനെ വരവേറ്റത്.

കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയാണ് ആരാധകർ തെരുവുകളിലിറങ്ങിയത്. ‘വീടുകളില്‍ ആഘോഷിക്കൂ’ എന്ന നിര്‍ദേശം പാലിക്കാതെ ആന്‍ഫീല്‍ഡിന് ചുറ്റും ഒത്തുകൂടിയത് ആയിരങ്ങള്‍. ഉച്ചത്തില്‍ പാട്ടുവച്ചും നൃത്തം ചവിട്ടിയും പൂത്തിരികള്‍ കത്തിച്ചും ഹോണ്‍ മുഴക്കിക്കൊണ്ട് കാറുകളിലെത്തിയും അവര്‍ ഈ രാത്രി ആഘോഷത്തിന്റേതാക്കി.

ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ കനത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ ഓൺലൈൻ ആഘോഷമായിരുന്നു. ട്വിറ്ററും ഫെയ്സ്ബുക്കും അടക്കമുള്ള സോഷ്യൽ മാഡിയ പ്ലാറ്റ്ഫോമുകളിലും ലിവർപൂൾ ഹാഷ്ടാഗുകൾ ട്രെൻഡിങ്ങായി. വാട്സാപ്പ് സ്റ്റാറ്റസുകളിലും ഡിപികളിലും ചെമ്പടയും ക്ലോപ്പും സലായും നിറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook