ലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ വിജയകുതിപ്പിന് തടയിട്ട് ലിവർപൂൾ. പ്രീമിയർ ലീഗിൽ തോൽവിയറിയാതെ 30 മൽസരങ്ങൾ പിന്നിട്ട സിറ്റിയെ ലിവർപൂൾ ഇന്നലെ മുട്ടുകുത്തിച്ചു. സ്വന്തം മൈതാനമായ ആൻഫീൽഡിൽ നടന്ന മൽസരത്തിൽ 4-3 എന്ന സ്കോറിനായിരുന്നു ലിവർപൂളിന്റെ വിജയം. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ സിറ്റി തന്നെയാണ് മുന്നിൽ.

കരുത്തരുടെ പോരാട്ടത്തിൽ ലിവർപൂളാണ് ആദ്യം മുന്നിൽ എത്തിയത്. ബാഴ്സിലോണയിലേക്ക് ചേക്കേറിയ ഫിലിപ്പ് കുട്ടീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങിയ അലക് ഓക്സ്‌ലൈഡ് ചേംബർലിനാണ് സിറ്റിയുടെ വലകുലുക്കിയത്. ബോക്സിന് പുറത്ത് നിന്ന് ചേംബർലിൻ തൊടുത്ത നിലംപറ്റെയുള്ള ഷോട്ട് സിറ്റി ഗോൾ കീപ്പറെ മറികടന്ന് പോസ്റ്റിന്റെ ഇടത് മൂലയിൽ എത്തുകയായിരുന്നു.

എന്നാൽ പന്തിന്റെ നിയന്ത്രണം പതിയെ ഏറ്റെടുത്ത സിറ്റി 40-ാം മിനിറ്റിൽ ഒപ്പമെത്തി. ഇടത് വിങ്ങർ ലിയരോയി സാനയെയാണ് സിറ്റിക്കായി ഒരു ഗോൾ മടക്കിയത്.

എന്നാൽ രണ്ടാംപകുതിയുടെ തുടക്കംമുതൽ ലിവർപൂൾ കളംപിടിച്ചു. നിരന്തര ആക്രമണങ്ങളിലൂടെ സിറ്റി പ്രതിരോധത്തെ പിളർത്തി റൊബർട്ടോ ഫിർമിനോ ലിവർപൂളിനെ മുന്നിൽ എത്തിച്ചു. ഒരു ചിപ്പ് ഷോട്ടിലൂടെയാണ് ഫിർമിനോ സിറ്റി ഗോൾകീപ്പറെ മറികടന്നത്.

സാഡിയോ മാനെയുടേതായിരുന്നു അടുത്ത ഊഴം. സിറ്റി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത മാനെ സിറ്റിയുടെ വലതുളയ്ക്കുകയായിരുന്നു. മുഹമ്മദ് സാലയാണ് ലിവർപൂളിന്റെ നാലാം ഗോൾ നേടിയത്. സിറ്റി ഗോൾകീപ്പർ എഡേഴ്സണിന്റെ പിഴവ് മുതലെടുത്താണ് സാല സിറ്റിയുടെ വലകുലുക്കിയത്.

എന്നാൽ ഗുണ്ടഗോന്റെയും, ബെർണ്ണാഡോ സിൽവയുടെയും ഗോളിലൂടെ സിറ്റി തിരിച്ചുവരവിന് ഒരുങ്ങി. എന്നാൽ ലിവർപൂളിന്റെ പ്രതിരോധനിര പിടിച്ചു നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook