ആന്‍ഫീല്‍ഡ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബുകളിലൊന്നാണ് ലിവര്‍പൂള്‍. തങ്ങളുടെ 126 വര്‍ഷത്തെ ചരിത്രത്തിലിന്നുവരെ നേടാനാവാത്ത കുതിപ്പാണ് ലിവര്‍പൂള്‍ ഈ സീസണില്‍ നടത്തുന്നത്. തുടര്‍ച്ചായി ഏഴ് ജയമെന്ന റെക്കോര്‍ഡാണ് ഈ സീസണില്‍ റെഡ്‌സ് കുറിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഇതുപോലൊന്ന് സംഭവിച്ചിട്ടില്ല.

ലിവര്‍പൂള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് സതാംപ്ടണെ തോല്‍പിച്ചു. ആദ്യ പകുതിക്ക് മുമ്പായിരുന്നു മൂന്നു ഗോളുകളും. ഹോയിഡിന്റെ സെല്‍ഫ് ഗോളില്‍ ലിവര്‍പൂള്‍ ആദ്യം മുന്നിലെത്തി. 21-ാം മിനിറ്റില്‍ മാറ്റിപ് ലീഡ് നില രണ്ടാക്കി. ആദ്യ പകുതിയുടെ ഇഞ്ചുറി ടെയിമില്‍ സലാ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ഇതോടെ തുടര്‍ച്ചയായി ആറ് ലീഗ് മത്സരങ്ങള്‍ ജയിച്ച ലിവര്‍പൂള്‍ മറ്റൊരു റെക്കോര്‍ഡും കുറിച്ചു. 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമയാണ് ലിവര്‍പൂള്‍ ആറ് പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഒരു സീസണിന്റെ തുടക്കത്തില്‍ ജയിക്കുന്നത്.

അതേസമയം, കാര്‍ഡിഫ് സിറ്റിയുടെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റി കാര്‍ഡിഫ് സിറ്റിയെ തകര്‍ത്തത്. ഈ സീസണില്‍ ക്ലബിലെത്തിയ റിയാദ് മെഹ്‌റസിന്റെ ഇരട്ടഗോള്‍ മികവിലായിരുന്നു സിറ്റിയുടെ ജയം.

ബെര്‍ണാര്‍ഡോ സില്‍വയുടെ അസിസ്റ്റില്‍ സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. മൂന്ന് മിനിറ്റിനകം ബെര്‍ണാഡോ സില്‍വ ഗോള്‍നില രണ്ടാക്കി. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഐക്കര്‍ ഗുണ്ടോഗന്‍ സിറ്റിയുടെ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതിയിലും സിറ്റിയാണ് ആക്രമണത്തിന് മുന്നിട്ട് നിന്നത്. പുതിയ ക്ലബിനായുള്ള ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ച് മെഹ്‌റസ് 67, 89 മിനിറ്റുകളില്‍ കാര്‍ഡിഫിന്റെ വല ചലിപ്പിച്ചു. ഇതോടെ സിറ്റി പോയിന്റ് നിലയില്‍ ഒന്നാമതായി.

ഒള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ യുണൈറ്റഡിലെ വുള്‍വ്‌സ് സമനിലയില്‍ കുരുക്കി. മത്സരത്തിന്റെ പതിനെട്ടാം മിനിറ്റില്‍ പോഗ്ബയുടെ മനോഹര അസിസ്റ്റില്‍ ഫ്രെഡ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ജിമ്മെന്‍സിന്റെ അസിസ്റ്റില്‍ ജോവോ മൗട്ടിഞ്ഞോ വുള്‍വ്‌സിനായി സമനില ഗോള്‍ നേടി. ജയത്തിനായി ഇരു ടീമുകളും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook