പ്രീമിയർ ലീഗിൽ ലിവർപൂളിന്റ ആധിപത്യം തുടരുന്നു. വോൾവ്‌സിനെതിരായ മത്സരത്തിലും ജയം സ്വന്തമാക്കി ലിവർപൂൾ വിജയക്കുതിപ്പ് തുടരുകയാണ്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു വോൾവ്‌സിന്റെ തട്ടകത്തിൽ ലിവർപൂളിന്റെ ജയം.
മത്സരത്തിൽ ആദ്യം മുന്നിലെത്തിയതും ലിവർപൂൾ തന്നെ. എട്ടാം മിനുറ്റിൽ നായകന്റെ ഹെഡറിലൂടെയാണ് ലിവർപൂൾ അക്കൗണ്ട് തുറന്നത്. അലക്സാണ്ടർ അർണാൾഡ് എടുത്ത കോർണർ കിക്ക് ഹെഡ് ചെയ്താണു നായകൻ ലക്ഷ്യം പൂർത്തിയാക്കിയത്. ഇതോടെ ആദ്യ പകുതിയിൽ തന്നെ മത്സരത്തിന്റെ ആധിപത്യമേറ്റെടുക്കാൻ ലിവർപൂളിനായി.
@premierleague matches unbeaten pic.twitter.com/CZEXxzd147
— Liverpool FC (@LFC) January 23, 2020
രണ്ടാം പകുതിയിൽ വോൾവ്‌സ് ശക്തമായി തിരിച്ചടിച്ചു. ലിവർപൂൾ ഗോൾമുഖത്തേക്ക് നിരന്തരം അക്രമണങ്ങൾ അഴിച്ചുവിട്ട ആതിഥേയർ ഒപ്പമെത്തി. 51-ാം മിനിറ്റിൽ വലത് വിങ്ങിൽനിന്ന് ആദാമ ട്രൊറെറ നൽകിയ ക്രോസ് മനോഹരമായ ഹെഡറിലൂടെ റൗൾ ഹിമനെസ് വലയിലെത്തിച്ചു. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത വോൾവ്‌സ് വീണ്ടും അക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. ഏഴു മത്സരത്തിനുശേഷം ലിവർപൂൾ വഴങ്ങുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്.
84-ാം മിനുറ്റിൽ ഹെന്റേഴ്സിന്റെ പാസിലായിരുന്നു ഫിർമിഞ്ഞോയുടെ കാലിൽ നിന്നും പിറന്ന ലിവർപൂളിന്റെ വിജയം ഉറപ്പിച്ച ഗോൾ. ഒരു ഘട്ടത്തിൽ സമനിലയിലേക്കാണോ മത്സരം നീങ്ങുന്നതെന്ന് ചിന്തിച്ചെങ്കിലും ലിവർപൂൾ സീസണിലെ 22-ാം ജയവും സ്വന്തമാക്കുകയായിരുന്നു.
കളിച്ച 23 കളികളിൽ 22 ജയിച്ച ലിവർപൂൾ 67 പോയിന്റുകളുമായി പട്ടികയിൽ ബഹുദൂരം മുന്നിലാണ്. 22 മത്സരം കളിച്ച് രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയുടെ അക്കൗണ്ടിലുള്ളത് 51 പോയിന്റാണ്.