ആൻഫീൾഡ്: പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ അപരാജിത കുതിപ്പ് തുടരുന്നു. പുതുവർഷത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഷെഫിൾഡ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെമ്പട പരാജയപ്പെടുത്തിയത്. ജയത്തോടെ തോൽവിയറിയാതെ 2019 അവസാനിപ്പിച്ച ലിവർപൂൾ മൂന്ന് പോയിന്റുമായി തന്നെ 2020ലേക്കും കടന്നു. സൂപ്പർ താരങ്ങളായ മുഹമ്മദ് സലായുടെയും സാഡിയോ മാനെയുടെയും ഗോളുകളാണ് ലിവർപൂളിന് അനായാസ ജയം സമ്മാനിച്ചത്.

സ്വന്തം തട്ടകമായ ആൻഫീൾഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുഹമ്മദ് സലായായിരുന്നു ലിവർപൂളിന് വേണ്ടി അക്കൗണ്ട് ഓപ്പൺ ചെയ്തത്. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ സലാ ഷെഫിൾഡിന്റെ വല ചലിപ്പിച്ചു. എതിർ നിരയിലെ പ്രതിരോധ താരം ജോർജ് ബാൾഡോക്കിന്റെ ചെറിയ പിഴവ് മുതലെടുത്തായിരുന്നു സലായുടെ ഗോൾ. 64-ാം മിനിറ്റിൽ സാഡിയോ മാനെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

Also Read: ഈ ഇന്ത്യൻ താരങ്ങൾക്ക് തന്റെ റെക്കോർഡ് തകർക്കാനാകും: ബ്രയാൻ ലാറ

മത്സരത്തിന്റെ 75 ശതമാനവും പന്ത് കൈവശം വച്ച ലിവർപൂൾ അർഹിച്ച വിജയവും സ്വന്തമാക്കി. ഗോൾ മടക്കാനുള്ള ഷെഫീൾഡിന്റെ ശ്രമങ്ങൾ ലക്ഷ്യം കാണാതെ വന്നതോടെ മറ്റൊരു മൂന്ന് പോയിന്റ് കൂടി സലായും സംഘവും ലിവർപൂളിൽ എത്തിച്ചു.

Also Read: ഞെട്ടിച്ചു കളഞ്ഞല്ലോ നീ; മോതിരമാറ്റം നടത്തിയ പാണ്ഡ്യയോട് കോഹ്‌ലി

ക്ലോപ്പ് ആശന്റെ ലിവർപൂളിന് നിലവിൽ 20 മത്സരങ്ങളിൽ നിന്ന് 58 പോയിന്റുകളാണുള്ളത്. ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ സിറ്റി മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു ടീം. 2017-2018 സീസണിലായിരുന്നു സിറ്റിയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള ലെയ്സ്റ്റർ സിറ്റിയേക്കാൾ 13 പോയിന്റ് അധികമാണ് ലിവർപൂളിനുള്ളത്. 44 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് മൂന്നാം സ്ഥാനത്ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook