ലിവർപൂൾ: ജനുവരിയിലെ സമ്മർ താരലേല വിപണി തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ പണമൊഴുക്കി ഇംഗ്ലീഷ് ഭീമൻമാരായ ലിവർപൂൾ. ഡച്ച് ടീമിന്റെ സെൻട്രൽ ഡിഫൻഡറായ വിർജിൽ വാൻ ഡൈക്കിനെ റെക്കോഡ് തുകയ്ക്കാണ് ലിവർപൂൾ ടീമിലേക്ക് എത്തിക്കുന്നത്. 75 മില്യൺ യൂറോയാണ് ഈ ഡച്ച് താരത്തിനായി ലിവർപൂൾ മുടക്കിയിരിക്കുന്നത്.

ലോക ഫുട്‌ബോൾ ചരിത്രത്തിൽ ഒരു ഡിഫെണ്ടർക്ക് ലഭിക്കുന്ന ഏറ്റവും വലിയ തുകയാണ് ഇത് എന്നാണ് റിപ്പോർട്ട്. കരാർ തുക സംബന്ധിച്ച കൃത്യമായ വിവരം ജനുവരി ഒന്നിനേ പുറത്ത് വിടുകയുള്ളു. ജനുവരി ട്രാൻസ്ഫർ വിൻഡോ തുറക്കുന്ന ഒന്നാം തീയതി താരത്തിന്റെ കൈമാറ്റം ഔദ്യോഗികമായി നടക്കും. എങ്കിലും സൗത്താംപ്ടനുമായി കരാറിലെത്തിയ വിവരം ലിവർപൂൾ തന്നെയാണ് തങ്ങളുടെ ട്വിറ്റെർ അകൗണ്ട് വഴി വെളിപ്പെടുത്തിയത്.

കഴിഞ്ഞ 3 സീസണിലായി ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കളിച്ച് വരികയായിരുന്നു ഈ​ ഡച്ച് താരം. സത്താംപ്ടണായി ബൂട്ട്കെട്ടിയ വാൻ ഡൈക്ക് നിർണ്ണായക പ്രകടനമാണ് കാഴ്ചവെച്ചത്. ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും താരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും മുൻപും സൗത്താംപ്ടനുമായി ഏറെ ട്രാൻസ്ഫറുകൾ നടത്തിയിട്ടുള്ള ലിവർപൂൾ ഒടുവിൽ താരത്തെ സ്വന്തമാകുകയായിരുന്നു. 26 കാരനായ താരം 2015 ലാണ് സെൽറ്റിക്കിൽ നിന്ന് സൗത്താംപ്ടണിൽ എത്തുന്നത്. നെതർലൻഡ്‌സ്‌ ദേശീയ താരം കൂടിയാണ് വാൻ ഡയ്ക്ക്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook