ലിവർപൂൾ: ഏറെ അനിശ്ചിതത്വങ്ങൾക്കിടയിൽ ആ വാർത്ത വന്നിരിക്കുന്നു. ലിവർപൂളിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ ഫിലിപ്പ് കുട്ടിന്യോ സ്പാനിഷ് വന്പന്മാരായ ബാഴ്സലോണയിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിരിക്കുന്നു! സ്പാനിഷ് പത്രമായ സ്പോർട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. റയൽ മാഡ്രിഡ് കുട്ടിന്യോക്കായി ശക്തമായി രംഗത്തുണ്ടെന്ന വാർത്തകൾക്കിടയിലാണ് കറ്റാലൻമാർ നെയ്മറുടെ ബ്രസീലിയൻ സഹതാരത്തെ റാഞ്ചിയതായി വാർത്തകൾ വരുന്നത്.

76 ദശലക്ഷം യൂറോ (ഏകദേശം 650 കോടി രൂപ)ക്കാണ് കുട്ടിന്യോയെ ബാഴ്സലോണയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കരാർ പ്രാവർത്തികമായാൽ ലോകത്തിലെ ഏറ്റവും വിലയേറിയ നാലാമത്തെ കൈമാറ്റമാകും ലിവർപൂൾ ബാഴ്സലോണയുമായി നടത്തുക. ഇംഗ്ലീഷ് ക്ലബിന് ഇത് വലിയ സാന്പത്തിക നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തലുകൾ. പോൾ പോഗ്ബയും ഗരത് ബെയ്‌ലും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാത്രമാണ് ട്രാൻസ്ഫർ തുകയിൽ ബ്ലസീലിയൻ താരത്തിന് മുന്നിലുള്ളത്.

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്റർ മിലാനിൽ നിന്ന് ആൻഫീൽഡിലെത്തിയ കുട്ടീന്യോ മികച്ച പ്രകടനമാണ് രണ്ട് സീസണിലും പുറത്തെടുത്തത്. നടപ്പു സീസണിൽ ഇതിനോടകം പത്ത് ഗോളുകൾ ഈ മധ്യനിരക്കാരൻ കരസ്ഥമാക്കിയിട്ടുണ്ട്.

വാർത്തകൾ പ്രാവത്തികമായാൽ മെസിക്കും നെയ്മറിനും സുവാരസിനും നിർലോഭം പന്തെത്തിക്കാൻ ന്യൂകാന്പിൽ കുട്ടിന്യോ ഉണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ