scorecardresearch

സലാം സലാഹ്! മുഹമ്മദ് സലാഹിന്റെ കാല്‍ക്കരുത്തില്‍ റോമയെ മുക്കി ലിവര്‍പൂള്‍

ഇരട്ടഗോളുകള്‍ അടിച്ചതിനൊപ്പം രണ്ട് ഗോളുകള്‍ അടിക്കാനും സലാഹ് വഴിയൊരുക്കി

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യ പാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. എഎസ് റോമയെ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് തകര്‍ത്തത്. മുഹമ്മദ് സലായുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ ചിറകിലേറിയാണ് ലിവര്‍പൂള്‍ വിജയം നുണഞ്ഞത്. ഇരട്ടഗോളുകള്‍ അടിച്ചതിനൊപ്പം രണ്ട് ഗോളുകള്‍ അടിക്കാനും സലാഹ് വഴിയൊരുക്കി.

സലാഹിനൊപ്പം ഫിര്‍മിനോയും ഇരട്ട ഗോള്‍ നേടി. ഇതില്‍ ഒരു ഗോളിന് അസിസ്റ്റ് ചെയ്തതും സലായാണ്. പ്രീമിയര്‍ ലീഗിലെ മികച്ച താരമായ മുഹമ്മദ് സലാഹ് ഫുട്ബോള്‍ പ്രേമികളെ കയ്യിലെടുത്ത് രണ്ട് തവണയാണ് എതിര്‍ടീമിന്റെ വലകുലുക്കിയത്. 35, 45 മിനിറ്റിലായിരുന്നു സലായുടെ ആക്രമണം. 56-ാം മിനിറ്റില്‍ സാഡിയോ മാനെയുടെ ഊഴം. 61, 68 മിനിറ്റുകളില്‍ റോബര്‍ട്ടോ ഫിര്‍മിനോ കൂടി ലക്ഷ്യം കണ്ടതോടെ ആദ്യ പാദം ക്ലോപ്പും സംഘവും സ്വന്തമാക്കി.

എന്നാല്‍ മത്സരത്തിന്റെ അവസാന പത്ത് മിനിറ്റില്‍ റോമ കത്തിക്കയറി. എഡിന്‍ സെക്കോയും ഡീഗോ പെറോട്ടിയുമാണ് റോമയുടെ ആശ്വാസ ഗോള്‍ നേടിയത്. 81-ാം മിനിറ്റില്‍ എഡ്വിന്‍ സെക്കോയിലൂടെ റോമ ആദ്യ ഗോള്‍ നേടി. 85-ാം മിനിറ്റില്‍ ഡീഗോയും ഗോള്‍വല കുലുക്കി റോമയ്ക്ക് ആശ്വാസം സമ്മാനിച്ചു. ഇന്ന് നിലവിലെ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ബുണ്ടസ് ലീഗ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ നേരിടും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Liverpool 5 2 roma mohamed salah destroys former team but late away goals give italian club life