ന്യൂഡല്‍ഹി: വനിതാ ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ചരിത്ര സ്വര്‍ണവുമായി ഇന്ത്യന്‍ ഇതിഹാസ താരം മേരി കോം. 48 കിലോഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയെ തോല്‍പ്പിച്ച മേരി കോമിന് സ്വര്‍ണം. ഇതോടെ ലോക ചാംപ്യന്‍ഷിപ്പിലെ ആറാം സ്വര്‍ണമാണ് സ്വന്തമാക്കിയത്. ലോക ചാംപ്യന്‍ഷിപ്പില്‍ മേരിയുടെ ആകെ മെഡലെണ്ണം ഏഴായി. ആറ് തവണ സ്വർണം നേടുന്ന ആദ്യ വനിതയാണ് മേരി കോം.
ആറാം സ്വര്‍ണത്തോടെ ലോക ചാമ്പ്യന്‍ഷിപ്പ് ഏറ്റവും കൂടുതല്‍ തവണ നേടുന്ന താരമെന്ന ക്യൂബന്‍ ഇതിഹാസ താരം ഫെലിക്‌സ് സാവോന്റെ റെക്കോര്‍ഡിനൊപ്പമെത്തി 35 കാരിയായ മേരി. ഒരു സ്വര്‍ണം കൂടി നേടാനായാല്‍ മേരി കോം മുന്നിലെത്തുകയും എഴ് സ്വര്‍ണം നേടുന്ന ആദ്യ താരവുമായി മാറും. 16 വർഷം മുന്‍പാണ് മേരി തന്‍റെ ആദ്യത്തെ കിരീടം നേടിയത്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ മേരി 2010 ന് ശേഷം ആദ്യമാണ് കിരീടം ഉയർത്തുന്നത്.
The moment. Mary, World Champion for the sixth time. #boxing pic.twitter.com/HwLKuCFH7W
— Mihir Vasavda (@mihirsv) November 24, 2018
ഈ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. മേരി കോമിന്റെ സ്വര്‍ണത്തിനു പുറമെ സെമിഫൈനലുകളില്‍ പരാജയപ്പെട്ട ഇന്ത്യന്‍ താരങ്ങള്‍ സിമ്രന്‍ജിത് കൗറും ലോവ്ലിന ബോര്‍ഗോഹെയ്‌നും വെങ്കലം നേടിയിരുന്നു.
സോണിയ ചാഹലിനും ഇന്ന് സ്വര്‍ണ്ണ പോരാട്ടമുണ്ട്. 48 കിലോഗ്രാം വിഭാഗത്തിലാണ് മേരി കോം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്. 57 കിലോഗ്രാം വിഭാഗത്തിലാണ് സോണിയ ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്.
ഉത്തരകൊറിയയുടെ കിം ഹ്യാങ് മിയെയെ 5-0ത്തിന് പരാജയപ്പെടുത്തിയാണ് മേരി കോം സ്വര്‍ണ്ണപോരാട്ടത്തിനിറങ്ങിയത്. ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവുമായി വെള്ളിയാഴ്ച നടന്ന സെമിഫൈനല്‍ മത്സരത്തില്‍ സോണിയും വിജയിച്ചതോടെയാണ് ഇന്ത്യന്‍ സ്വര്‍ണ്ണപ്രതീക്ഷ രണ്ടായി ഉയര്‍ന്നത്.
നേരത്തെ ആറ് മെഡലുകള്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ നേടിയിട്ടുള്ള മേരി കോമിന്റെ സമ്പാദ്യത്തില്‍ അഞ്ചും സ്വര്‍ണ്ണമായിരുന്നു. 2001-ല്‍ വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയ മേരി കോം, പിന്നീട് 2002 മുതല്‍ 2010 വരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ അഞ്ച് സ്വര്‍ണ്ണം നേടി.
സോണിയയുടെ ആദ്യ ലോകചാമ്പ്യന്‍ഷിപ്പാണിത്. പെട്ടന്നുള്ള ആക്രമണവും ക്ലീന്‍ പഞ്ചുകളുമാണ് സോണിയ ചാഹലിന്റെ സവിശേഷത. ജര്‍മ്മന്‍ താരമാണ് സോണിയയുടെ എതിരാളി. മേരി കോം നേരിടുക ഉക്രെയിന്‍ താരത്തെയുമാണ്. ഇരുവരും സ്വര്‍ണ്ണ നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ബോക്‌സിങ് ആരാധകര്‍