ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ആതിഥേയർക്ക് ആധികാരിക ജയം. 150 റൺസിനാണ് ഇംഗ്ലണ്ട് അഫ്ഗാനെ പരാജയപ്പെടുത്തിയത്. 398 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ ഇന്നിങ്സ് 247 റൺസിൽ അവസാനിച്ചു. വലിയ വിജയലക്ഷ്യം അനായസം പ്രതിരോധിച്ച് ജയിക്കാമെന്ന ഇംഗ്ലണ്ട് പ്രതീക്ഷകൾ അസ്ഥാനത്താക്കുന്നതായിരുന്നു അഫ്ഗാന്റെ പ്രകടനം. പേരുകേട്ട ഇംഗ്ലീഷ് ബോളിങ് നിരയ്ക്ക് മുന്നിൽ അവസാന ഓവർ വരെ ബാറ്റ് ചെയ്ത ശേഷമാണ് അഫ്ഗാൻ മത്സരത്തിൽ കീഴടങ്ങിയത്

അത്രപെട്ടന്ന് കീഴടങ്ങാൻ തയ്യാറല്ലെന്നുറപ്പിച്ചായിരുന്നു അഫ്ഗാനിസ്ഥാന്റെ ഓരോ ബാറ്റ്സ്മാന്മാരും ക്രീസിലേക്ക് എത്തിയത്. റൺസൊന്നും എടുക്കാതെ നൂർ അലി വീണെങ്കിലും തങ്ങളാലാകുന്നത് ചെയ്യാൻ പിന്നാലെ എത്തിയ ഓരോ താരങ്ങളും ശ്രമിച്ചു. നായകൻ ഗുൽബാദിൻ നയ്ബിനെയാണ് പിന്നീട് അഫ്ഗാന് നഷ്ടമായത്. 37 റൺസെടുത്ത ഗുൽബാദിൻ നയ്ബിനെ മാർക്ക് വുഡാണ് പുറത്താക്കിയത്. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റ് വീശുന്നതിനിടയിൽ അർധസെഞ്ചുറിക്ക് നാല് റൺസ് അകലെ റഹ്‌മത് ഷാ വീണത് അഫ്ഗാന് തിരിച്ചടിയായി.

നാലാമനായി ക്രീസിലെത്തിയ ഹഷ്മത്തുള്ള ഷാഹിദി അർധസെഞ്ചുറി തികച്ചെങ്കിലും ക്രീസിൽ അധികം ആയുസുണ്ടായില്ല. 100 പനന്തുകൾ നേരിട്ട താരം അഞ്ച് ഫോറും രണ്ട് സിക്സും ഉൾപ്പടെ 76 റൺസുമായാണ് ക്രീസ് വിട്ടത്. മുൻ നായകൻ അസ്ഗർ അഫ്ഗാനൊപ്പം ചേർന്ന് നന്നായി കളിച്ച ഷാഹിദി ഒരുഘട്ടത്തിൽ അഫ്ഗാനിസ്ഥാന് വിജയപ്രതീക്ഷ വരെ നൽകി. എന്നാൽ വെടിക്കെട്ട് ബാറ്റിങ്ങിന് കൂട്ടത്തിൽ ആളില്ലാത്തത് ടീമിന് തിരിച്ചടിയാകുകയായിരുന്നു. 44 റൺസിൽ അഫ്ഗാനും വീണതോടെ അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. എന്നാൽ വിക്കറ്റ് വലിച്ചെറിയാതെ കളിച്ച താരങ്ങൾ മത്സരം 50-ാം ഓവർ വരെ എത്തിച്ചു.

നേരത്തെ കന്നി ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാനെതിരെ 397 റൺസാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 397 എന്ന കൂറ്റൻ സ്കോറിലെത്തിയത്. നായകൻ ഇയാൻ മോർഗന്റെയും സെഞ്ചുറി ബാറ്റിങ് മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ കുതിപ്പ്. നായകന് കരുത്ത് പകർന്ന് റൂട്ടും ബെയർസ്റ്റോയും കളം നിറഞ്ഞതോടെ ഇംഗ്ലണ്ടിനെ പിടിച്ചുകൊട്ടാൻ അഫ്ഗാന് സാധിച്ചില്ല.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ് ജോണി ബെയർസ്റ്റോയും ജെയിംസ് വിൻസും ചേർന്ന് നൽകിയത്. ടീം സ്കോർ 44 ൽ നിൽക്കെ 26 റൺസുമായി വിൻസ് മടങ്ങിയെങ്കിലും റൂട്ടിനെ കൂട്ടുപിടിച്ച് ബെയർസ്റ്റോ ഇംഗ്ലണ്ട് സ്കോർബോർഡ് ഉയർത്തി. രണ്ടാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ശേഷമാണ് ബെയർസ്റ്റോ ക്രീസ് വിട്ടത്. 99 പന്തുകളിൽ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും ഉൾപ്പടെ 90 റൺസാണ് ബെയർസ്റ്റോ സ്വന്തമാക്കിയത്.

നാലാമനായി ഇറങ്ങിയ നായകൻ മോർഗൻ ഇംഗ്ലണ്ട് സ്കോറിങ് ടോപ്പ് ഗിയറിലേക്ക് മാറി. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മോർഗൻ അതിവേഗം അർധസെഞ്ചുറിയും അതിലും വേഗത്തിൽ സെഞ്ചുറിയും തികച്ചു. കഴിഞ്ഞ മത്സരത്തിലെ വിജയശിൽപ്പി ജോ റൂട്ടിനെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കിയായിരുന്നു മോർഗന്റെ താണ്ഡവം. 47-ാം ഓവർ ചെയ്യാനെത്തിയ അഫ്ഗാൻ നായകൻ ഗുൽബാദിൻ നയ്ബ് രണ്ട് പേരെയും പുറത്താക്കുന്നത് വരെ പന്ത് ബൗണ്ടറികളിലേക്ക് നിരന്തരം പാഞ്ഞു.

ടൂർണമെന്റിലെ തന്റെ മൂന്നാം സെഞ്ചുറിയിലേക്ക് എന്ന് തോന്നിപ്പിച്ച റൂട്ട് 88 റൺസിനാണ് പുറത്തായത്. 82 പന്തിൽ നിന്ന് അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു റൂട്ടിന്റെ ഇന്നിങ്സ്. 71 പന്തിൽ 148 റൺസുമായി ക്രീസ് വിട്ട ഇയാൻ മോർഗന്റെ സമ്പാദ്യം 148 റൺസായിരുന്നു. ഇന്നിങ്സിൽ 17 സിക്സറുകളാണ് മോർഗൻ പറത്തിയത്. 47-ാം ഓവറിന്റെ ഒന്ന് ഇടവിട്ടുള്ള പന്തുകളിൽ ഗുൽബാദിൻ നയ്ബ് റഹ്മത്തിന്റെ കൈയ്യിൽ ഇരുവരെയും എത്തിക്കുകയായിരുന്നു.

പിന്നാലെ എത്തിയ ബട്‌ലർക്കും ബെൻ സ്റ്റോക്സിനും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. മൊയിൻ അലിക്കും ക്രിസ് വോക്സിനും ഇന്നിങ്സ് അവസാനിപ്പിക്കുകയെന്ന ദൗത്യം മാത്രമായിരുന്നു ബാക്കി. നാല് സിക്സുൾപ്പടെ ഒമ്പത് പന്തിൽ 31 റൺസ് അടിച്ചെടുത്ത മൊയിൻ അലിയുടെ ഇന്നിങ്സും ഇംഗ്ലണ്ട് സ്കോറിങ്ങിൽ നിർണായകമായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook