ഗുവഹത്തി: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ ഗുവഹത്തിയിൽ നടക്കും. ഗുവഹത്തിയിലെ ബാർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 1.30 നാണ് മത്സരം. ടെസ്റ്റ് പരമ്പരയിലെ ആധികാരിക വിജയത്തിന് ശേഷമാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന പരമ്പരക്ക് ഒരുങ്ങുന്നത്.
രാജ്‌കോട്ട് ടെസ്റ്റിൽ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ച ഇന്ത്യ ഹൈദരാബാദില്‍ 10 വിക്കറ്റ് വിജയം ആഘോഷിക്കുകയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ അതേ വീര്യം പുറത്തെടുക്കാനായാൽ ഇന്ത്യക്ക് ഏകദിനത്തിലും വെസ്റ്റ് ഇൻഡീസിനെതിരെ അപ്രമാദിത്വം തുടരാനാകും.
ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഏഷ്യകപ്പ് കിരീടമുയർത്തിയ ഇന്ത്യക്ക് വെസ്റ്റ് ഇൻഡീസ് കാര്യമായ വെല്ലുവിളിയുയർത്താൻ സാധ്യതയില്ല. എങ്കിലും ഹോൾഡറിനെയും സംഘത്തെയും പൂർണ്ണമായും എഴുതി തള്ളാനുമാകില്ല.
വിരാട് കോഹ്‍ലി തന്നെയാണ് ഇന്ത്യൻ നായകൻ. ഏഷ്യ കപ്പിൽ വിശ്രമം അനുവദിച്ച കോഹ്‍ലി ഏകദിന നായകനായി തിരിച്ചെത്തുന്ന മത്സരം കൂടിയാണ് നാളത്തേത്. ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ദിനേഷ് കാർത്തിക്കിന് പകരക്കാരനായി യുവതാരം റിഷഭ് പന്ത് ഇടം പിടിച്ചിട്ടുണ്ട്. താരം നാളെ അന്തിമ ഇലവനിൽ ഉൾപ്പെടുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ പന്തിന്റെ അരങ്ങേറ്റ മത്സരം കൂടിയാകും നാളെ ഗുവത്തിയിൽ.
ഇന്ത്യൻ ടീമിന്റെ 12 അംഗ ചുരുക്ക പട്ടികയും ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിരാട് കോഹ്‍ലി (നായകൻ), ശിഖർ ധവാൻ, രോഹിത് ശർമ്മ, അമ്പാട്ടി റയ്ഡു, റിഷഭ് പന്ത്, എം.എസ് ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്.