ന്യൂഡൽഹി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹി ഡയർഡവിൾസ് ഒരിക്കൽ കൂടി തകർന്നടിഞ്ഞപ്പോൾ മുംബൈ ഇന്ത്യൻസ് പടുകൂറ്റൻ വിജയവുമായി സെമിയിൽ കടന്നു. മുംബൈയുടെ 212 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ ഡൽഹി 66 റൺസിൽ എല്ലാവരും പുറത്തായി.  ഇതോടെ 146 റൺസിന്റെ കൂറ്റൻ വിജയമാണ് മുംബൈ നേടിയത്.

തുടക്കം മുതൽ ആക്രമിച്ച കളിക്കുക എന്ന ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ സമ്മർദ്ദത്തിലാക്കി ആദ്യ പന്തിൽ തന്നെ സഞ്ജു പുറത്തായി. പിന്നീട് ഡൽഹി ബാറ്റ്സ്‌മാന്മാർ ആരും പൊരുതി നോക്കാൻ പോലും ശ്രമിച്ചില്ല. ഹർഭജൻ സിംഗും കരൺ ശർമയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

എതിരാളികളുടെ ബാറ്റിംഗ് കരുത്തിന് മുന്നിൽ ഒരിക്കൽ കൂടി പരാജയപ്പെട്ട ഡൽഹി ബൗളിംഗ് നിരയെയാണ് കളിയിൽ കാണാനായത്.  സിമ്മൺസും പാർത്ഥിവ് പട്ടേലും തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ടിന് പൊള്ളാഡും ഹർദ്ദിക് പാണ്ഡ്യയും കരുത്ത് പകർന്നതോടെയാണ് മുംബൈ വൻ സ്കോറിലേക്ക് പോയത്.  11 സിക്സറുകളാണ് മുംബൈ ബാറ്റ്സ്മാന്മാർ പറത്തിയത്.

സിമ്മൺസ് 43 പന്തിൽ 4 സിക്സറും 5 ബൗണ്ടറിയും അടക്കം 66 റൺസ് നേടിയപ്പോൾ പൊള്ളാർഡ് 35 പന്തിൽ 4 സിക്സും 5 ബൗണ്ടറിയും അടക്കം 63 റൺസ് നേടി. 3 സിക്സുകളോടെ 14 പന്തിൽ 29 റൺസ് നേടിയ ഹർദ്ദിക് പാണ്ഡ്യയാണ് 200 ന് മുകളിലേക്ക് ടീം സ്കോർ ഉയർത്തിയത്.

ആദ്യവിക്കറ്റിൽ 79 റൺസാണ് പാർത്ഥിവ് പട്ടേലും(22 പന്തിൽ 25) സിമ്മൺസും ചേർന്ന് നേടിയത്. മൂന്നാമനായി പൊള്ളാഡിനെ ക്രീസിലിറക്കിയ ക്യാപ്റ്റൻ രോഹിത് ശർമയുടെ തന്ത്രം പൂർണമായും ഫലം കണ്ടു. കഴിഞ്ഞ കളിയിൽ 209 റൺസ് വിജയലക്ഷ്യം നിഷ്പ്രയാസം മറികടന്ന ഡൽഹിക്ക് മുന്നിൽ അതിനേക്കാൾ ഉയർന്ന സ്കോർ ലക്ഷ്യം നൽകാൻ മുംബൈയ്ക്ക് സാധിച്ചു.

എന്നാൽ കഴിഞ്ഞ കളിയിൽ കാഴ്ചവെച്ച പ്രകടനം ഈ കളിയിൽ തുടരാൻ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് സാധിച്ചില്ല. 6 പന്തിൽ 10 റൺസ് മാത്രം നേടിയ രോഹിതിനെ റബഡയുടെ പന്തിൽ അമിത് മിശ്ര പിടികൂടി.

ഡൽഹി നിരയിൽ പാറ്റ് കുമ്മിൻസാണ് ഏറെ പ്രഹരമേറ്റത്. നാല് ഓവറിൽ 59 റൺസാണ് ഇദ്ദേഹം വഴങ്ങിയത്. നാല് ഓവറിൽ 29 റൺസ് മാത്രം വഴങ്ങിയ സഹീർ ഖാനാണ് ബാറ്റ്സ്‌മാന്മാരുടെ പ്രഹരം ലഭിക്കാതിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ