പെര്‍ത്ത്: ഒന്നാം ഇന്നിങ്‌സില്‍ ഓസീസ് 326 റണ്‍സിന് പുറത്ത്. കഴിഞ്ഞ ദിവസം 277-6 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ഓസ്‌ട്രേലിയയെ ഇന്ന് ഇശാന്ത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ബൗളിങ് നിര എറിഞ്ഞിടുകയായിരുന്നു. നാല് വിക്കറ്റാണ് ഇശാന്ത് വീഴ്ത്തിയത്.

38 റണ്‍സുമായി നായകന്‍ ടിം പെയ്ന്‍ പുറത്തായി. പിന്നാലെ വന്നവരെല്ലാം അധികം പിടിച്ചു നില്‍ക്കാനാകാതെ പുറത്തായതോടെ ഓസീസ് ഇന്നിങ്‌സ് 326 ല്‍ അവസാനിക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സ് 19 റണ്‍സുമായി പുറത്തായപ്പോള്‍ സ്റ്റാര്‍ക്ക് ആറ് റണ്‍സും ലിയോണ്‍ ഒമ്പത് റണ്‍സും നേടി. ഹസല്‍വുഡിന് അക്കൗണ്ട് തുറക്കാനായില്ല.

ഇശാന്ത് ശര്‍മ്മ നാല് വിക്കറ്റ് നേടി ബൗളിങ് നിരയെ മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ബുംറ, ഉമേഷ് യാദവ്, ഹനുമ വിഹാരി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

പക്ഷെ മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യയുടെ നിര തുടക്കത്തില്‍ തന്നെ പരുങ്ങലിലാണ്. ഓപ്പണര്‍മാരായ ലോകേഷ് രാഹുലും മുരളീ വിജയിയും നേരത്തേ പുറത്തായി. രാഹുല്‍ രണ്ട് റണ്‍സ് മാത്രം നേടിയപ്പോള്‍ മുരളി വിജയ് റണ്‍സൊന്നും നേടിയില്ല. രാഹുലിനെ ഹസല്‍വുഡും വിജയിയെ സ്റ്റാര്‍ക്കുമാണ് പുറത്താക്കിയത്. കഴിഞ്ഞ ടെസ്റ്റിലെ വിജയ ശില്‍പ്പിയായ ചേതേശ്വര്‍ പൂജാരയും നായകന്‍ വിരാട് കോഹ്ലിയുമാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യ 38 റണ്‍സെടുത്തിട്ടുണ്ട്.

ഒന്നാം ഇന്നിങ്‌സില്‍ മാര്‍ക്കസ് ഹാരിസും ആരോണ്‍ ഫിഞ്ചും ചേര്‍ന്ന് 112 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഹാരിസ് 70 റണ്‍സും ഫിഞ്ച് 50 റണ്‍സുമാണ് എടുത്തത്. പിന്നാലെ വന്ന ഉസ്മാന്‍ ഖ്വാജ അഞ്ച് റണ്‍സ് മാത്രമെടുത്തു മടങ്ങി. എന്നാല്‍ ഷോണ്‍ മാര്‍ഷ് ഒരു ഭാഗത്ത് നിലയുറപ്പിച്ചു.

എഴ് റണ്‍സുമായി ഹാന്‍സ്‌കോമ്പും പുറത്തായതോടെ ഓസ്ട്രേലിയ തകര്‍ച്ച മണത്തെങ്കിലും ട്രാവിസ് ഹെഡ്ഡ് മാര്‍ഷിനൊപ്പം ചേര്‍ന്നതോടെ ഓസ്ട്രേലിയ കളിയിലേക്ക് തിരികെ വരികയായിരുന്നു. മാര്‍ഷ് 45 റണ്‍സെടുത്ത് പുറത്തായി. ട്രാവിസ് ഹെഡ് 58 റണ്‍സുമായി ക്രീസു വിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook