കൊച്ചി: റാഞ്ചിയിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം. ഇന്ത്യയുടെ 152 റൺസ് ലീഡ് പിന്തുടർന്ന ഓസീസിന് രവീന്ദ്ര ജഡേജയാണ് ആദ്യ രണ്ട് പ്രഹരവും നൽകിയത്. നാല് ഓവറിൽ വെറും ആറ് റൺസ് മാത്രം വഴങ്ങിയാണ് ജഡേജ വാർണറെയും ലയോണിനെയും ബൗൾഡ് ചെയ്തത്.

ആദ്യ ഇന്നിംഗ്സിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ 603 റൺസിന് ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. 152 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയത്. ചേതേശ്വർ പൂജാര(200) ഇരട്ട സെഞ്ച്വറി നേടിയപ്പോൾ വൃദ്ധിമാൻ സാഹ(117) സെഞ്ച്വറി നേടി. ഏഴാം വിക്കറ്റിൽ ഇരുവരുടെയും 199 റൺസിന്റെ കൂട്ടുകെട്ടും ഒൻപതാം വിക്കറ്റിൽ ഉമേഷ് യാദവിനെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ(55)ആക്രമിച്ച് ബാറ്റ് വീശിയതുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചത്.

ഇരട്ടസെഞ്ച്വറി നേടി ഉടൻ തന്നെ ചേതേശ്വർ പൂജാര പുറത്തായി. ലെയോണിന്റെ പന്തിൽ മാക്‌സ്‌വെല്ലിന് കാച്ച് നൽകിയായിരുന്നു പൂജാരയുടെ മടക്കം. തുടർന്ന് ഏറെ വൈകാതെ സാഹയെ ഒക്കീഫെയുടെ പന്തിൽ മാക്സ്‌വെൽ തന്നെ പിടികൂടി. രീവന്ദ്ര ജഡേജയും ഉമേഷ് യാദവുമാണ് ഇപ്പോൾ ക്രീസിലുള്ളത്. ഇന്ത്യ എട്ട് വിക്കറ്റിന് 564 എന്ന നിലയിലാണ്.

ആറ് വിക്കറ്റ് നഷ്ടത്തിൽ 435 എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ഉച്ചഭക്ഷണത്തിന് ശേഷം കളിയാരംഭിച്ചത്. മൂന്നാമനായി ക്രീസിലെത്തിയ ചേതേശ്വർ പൂജാരയുടെ ബാറ്റിംഗാണ് ഇന്ത്യയെ ശക്തമായ നിലയിലെത്താൻ സഹായിച്ചത്. 525 പന്ത് നേരിട്ടതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും ദീർഘമേറിയ ഇന്നിംഗ്സ് കളിച്ച ഇന്ത്യാക്കാരൻ എന്ന റെക്കോർഡിന് ഉടമയായി. 199 റൺസാണ് ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയത്.

നാലാം ദിനം 328 ന് ആറ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുനരാരംഭിച്ചത്. വിക്കറ്റ് നഷ്ടപ്പെടാതെ നാലാം ദിവസത്തെ ആദ്യ സെഷൻ പൂർത്തിയാക്കാനായത് ഇന്ത്യയ്ക്ക് നേട്ടമാണ്. ഇപ്പോൾ പതിനാറ് റൺസ് പുറകിലാണ് ഇന്ത്യ. ലീഡ് നേടി കഴിഞ്ഞാൽ ആക്രമിച്ച് കളിക്കാനാകും ഇന്ത്യയുടെ ശ്രമം. പരമാവധി വേഗത്തിൽ ലീഡ് നേടിയ ശേഷം ഇന്ന് തന്നെ ഓസീസിനെ ബാറ്റിംഗിനയക്കാനും ശ്രമിച്ചേക്കും.

മൂന്നാം ദിനം കളി ആരംഭിച്ച ഇന്ത്യ മുരളി വിജയ്‌യുടെയും പൂജാരയുടെയും കരുത്തിൽ സ്കോർ ബോർഡ് ചലിപ്പിച്ചു. 102 റൺസാണ് ഇരുവരും രണ്ടാം വിക്കറ്റിൽ ഇന്ത്യയ്ക്കായി നേടിയത്. 82 റൺസ് എടുത്ത മുരളി വിജയ്‌യെ കീപ്പർ ഡ്വെയിൻ വേയിഡിന്റെ കയ്യിലെത്തിച്ച പാറ്റ് കമ്മിൻസ് ഈ കൂട്ട്കെട്ട് പിരിച്ചു. പരുക്കുണ്ടായിരുന്നിട്ടും വിരാട് കോഹ്‌ലി ക്രിസീൽ എത്തിയതോടെ ആരാധകർ ആവേശത്തിലായി. പക്ഷെ ആറു റൺസ് എടുക്കാൻ മാത്രമെ നായകന് കഴിഞ്ഞുള്ളു. പാറ്റ് കമ്മിൻസ് തന്നെയാണ് കോഹ്‌ലിയെ വീഴ്ത്തിയത്. എന്നാൽ ഇതിനിടെ മൂന്നക്കം പിന്നിട്ട ചേതേശ്വർ പൂജാര ചെറുത്തു നിന്നു.

പക്ഷെ പൂജാരയ്ക്ക് പിന്തുണ നൽകാൻ പിന്നീട് വന്നവർക്കായില്ല. 14 റൺസ് എടുത്ത് അജിങ്ക്യ രഹാനയും 23 റൺസ് എടുത്ത് കരുൺ നായരും പോരാട്ടം മതിയാക്കി. പിന്നീട് വന്ന അശ്വിനും കാര്യമായൊന്നും ചെയ്യാനായില്ല. നാല് വിക്കറ്റ് വീഴ്ത്തി പാറ്റ് കമ്മിൻസാണ് ഓസീസിനായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പൂജാരയ്ക്ക് പിന്നീട് കൂട്ടായി എത്തിയ വൃദ്ധിമാൻ സാഹയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ ലീഡിലേക്ക് കുതിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ