കാൻഡി: മൂന്നാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് തകർപ്പൻ തുടക്കം. 45 ഓവർ പിന്നിടുമ്പോഴേക്കും ഇന്ത്യൻ സ്കോർ 200 കടന്നു. ശിഖർ ധവാന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 123 പന്തിൽ 119 റൺസാണ് ധവാൻ നേടിയത്. 17 ബൗണ്ടറികളാണ് ധവാൻ അടിച്ച് കൂട്ടിയത്.
85 റൺസ് എടുത്ത കെ.എൽ രാഹുൽ മികച്ച പിന്തുണയാണ് നൽകിയത്. 135 പന്തിൽ നിന്നാണ് രാഹുൽ 85 റൺസ് എടുത്തത്. സ്കോർ 188ൽ നിൽക്കെ ഇടങ്കയ്യൻ സ്പിന്നർ പുഷ്പകുമാരയാണ് രാഹുലിനെ പുറത്താക്കിയത്.
നേരത്തെ ടോസ് നേടിയ വിരാട് കോഹ്‌ലി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ടെസ്റ്റില്‍ ഗ്രൗണ്ടില്‍ മോശമായി പെരുമാറിയതിന് സസ്പെന്‍ഷനിലായ രവീന്ദ്ര ജഡേജയ്ക്കു പകരമായി കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയാണ് ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്.
ആദ്യരണ്ടു ടെസ്റ്റുകളും വിജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഗോളില്‍ നടന്ന ടെസ്റ്റില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംഗ്സിനും 53 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. മൂന്നാമത്തെ ടെസ്റ്റ് കൂടി വിജയിച്ചാല്‍ അത് ചരിത്രമാകും. ശ്രീലങ്കയാകട്ടെ അത്ര ഫോമിലല്ലാത്ത അവസ്ഥയിലുമാണ്. ടീമിലെ പല പ്രമുഖരും ഫോമിലല്ലാത്തതും ചിലര്‍ പരിക്കുമൂലം മാറി നില്ക്കുന്നതും ഇന്ത്യയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു.
ഇന്ത്യ ടെസ്റ്റ് കളിക്കാന്‍ ആരംഭിച്ച 1932 മുതല്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര മുഴുവനായി നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നത്തെ ടെസ്റ്റ് വിജയിക്കാനായാല്‍ അത് കോഹ്ലിയുടെ നായകകിരീടത്തില് ഒരു പൊന്‍തൂവലാകും.