ന്യൂഡൽഹി: ശ്രീലങ്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തുടർച്ചയായി ഒൻപത് ടെസ്റ്റ് പരമ്പര എന്ന ഓസീസിന്റെ റെക്കോഡിൽ കണ്ണുംനട്ടാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്.

രണ്ടാം ടെസ്റ്റിൽ കളിച്ച ടീമിൽ രണ്ടു താരങ്ങളെ ഇന്ത്യ മാറ്റിയിട്ടുണ്ട്. പേസർ ഉമേഷ് യാദവിനു പകരം മുഹമ്മദ് ഷാമി ടീമിൽ ഇടം നേടിയപ്പോൾ ഓപ്പണർ കെ.എൽ. രാഹുലിനെ മാറ്റി പകരം ശിഖർ ധവാനെ ടീമിൽ ഉൾപ്പെടുത്തി.

ശ്രീലങ്കയും അവരുടെ നിരയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലഹിരു തിരിമാന്നെ, ഷനാക, രംഗണ ഹെറാത്ത് എന്നിവർ പുറത്തിരിക്കുമ്പോൾ ലക്ഷൻ സന്ദാകൻ, റോഷൻ സിൽവ, ധനഞ്ജയ ഡിസിൽവ എന്നിവർ ടീമിലെത്തി. റോഷൻ സിൽവ ഇന്നത്തെ മത്സരത്തോടെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും.

2005–2008 കാലയളവിൽ ഓസ്ട്രേലിയ സ്വന്തമാക്കിയ വിജയപരമ്പരകളുടെ റെക്കോർഡ് ഇന്ത്യയ്ക്ക് കയ്യെത്തും ദൂരത്താണ്. ഇനി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മൂന്നു ടെസ്റ്റുകൾ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. 2018ൽത്തന്നെ ഇംഗ്ലണ്ടിനെതിരെ അഞ്ചു ടെസ്റ്റുകളും ഓസ്ട്രേലിയയ്ക്കെതിരെ നാലു ടെസ്റ്റുകളും കളിക്കാനുമുണ്ട്. ഈ സാഹചര്യത്തിൽ ഓസീസിന്റെ ലോകറെക്കോഡിന് ഒപ്പമെത്താനാകും ഇന്ത്യയുടെ ശ്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ