കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 172 റണ്‍സിന് പുറത്തായി. അർധ സെഞ്ചുറി (52) നേടിയ ചേതേശ്വർ പൂജാര മാത്രമാണ് ഇന്ത്യൻ നിരയിൽ പൊരുതിയത്. വൃദ്ധിമാന്‍ സാഹ 29 റണ്‍സും രവീന്ദ്ര ജഡേജ 22 റണ്‍സുമെടുത്തു.

മത്സരത്തിന്‍റെ മൂന്നാം ദിവസമായ ഇന്ന് ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപാണ് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചത്. ആദ്യ രണ്ടു ദിവസത്തിന്‍റെ ഭൂരിഭാഗവും മഴയെത്തുടർന്ന് മത്സരം നടന്നില്ല. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.

സുരംഗ ലക്മലാണ് ശ്രീലങ്കയ്ക്ക് വേണ്ടി ഇന്ത്യന്‍ നിരയെ എറിഞ്ഞു വീഴ്ത്തിയത്. 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റാണ് അദ്ദേഹം നേടിയത്.

പൂജാരയ്ക്ക് ശേഷം 29 റണ്‍സ് നേടിയ വൃദ്ധിമാൻ സാഹയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. രവീന്ദ്ര ജഡേജ 22 റണ്‍സും മുഹമ്മദ് ഷമി 24 റണ്‍സും നേടി പുറത്തായി. ആറ് റണ്‍സോടെ ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ലഹിരു ഗാമേജ്, ദിമുത് കരുണരത്നെ, ദിൽറുവാൻ പെരേര എന്നിവർ രണ്ടു വീതം വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 82 റണ്‍സിന് രണ്ട് എന്ന നിലയിലാണ് ഇപ്പോള്‍ അതിഥികള്‍. ഭുവനേശ്വര്‍ കുമാറാണ് രണ്ട് വിക്കറ്റുകളും നേടിയത്.

ഇന്ത്യന്‍ മണ്ണില്‍ 16 ടെസ്റ്റ് കളിച്ച ലങ്കയ്ക്ക് ഇതുവരെ ഒരു ജയം നേടാനായിട്ടില്ല. ഇതിഹാസതാരങ്ങളായ സനത് ജയസൂര്യയും സംഗക്കാരയും ഇത് വലിയ നഷ്ടബോധമാണെന്ന് തുറന്നുപറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിക്കാനാകാത്തത് കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്നായിരുന്നു അടുത്തിടെ നടന്ന വിടവാങ്ങല്‍ പ്രസംഗത്തില്‍ കുമാര്‍ സംഗക്കാര പറഞ്ഞത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മികവിലെ അന്തരം റാങ്കിങ്ങില്‍ തന്നെ പ്രകടമാണ്.

ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിലെ ആദ്യ പത്തില്‍ നാല് ഇന്ത്യക്കാരുള്ളപ്പോള്‍ പതിനേഴാം സ്ഥാനത്തുള്ള ദിമുത് കരുണരത്‌നയാണ് ലങ്കന്‍ താരങ്ങളില്‍ മുന്നില്‍. മൂന്ന് ഇന്ത്യന്‍ ബോളര്‍മാര്‍ ഇടംപിടിച്ച ബോളിങ്ങിലെ ആദ്യ 20 റാങ്കിനുള്ളില്‍ ഒരു ശ്രീലങ്കന്‍ താരവുമില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ