കട്ടക്: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20 മത്സരത്തിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ലോകേഷ് രാഹുലിന് അർദ്ധസെഞ്ച്വറി. കൂറ്റനടികളില്ലാതെ മടങ്ങിയ ഹിറ്റ്മാന്റെ വീഴ്ചയിൽ പതറാതെ കളിച്ച രാഹുലിന്റെ മികവിൽ ഇന്ത്യ ശക്തമായ നിലയിലാണിപ്പോൾ. 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 119.

മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിക്ക്, മനേഷ് പാണ്ഡെയാണ് കൂട്ട്. ക്യാപ്റ്റൻ രോഹിത് ശർമ്മയെ 12 പന്തിൽ നിന്ന് 17 റൺസുമായി നിൽക്കേയാണ് മാത്യൂസിന്റെ പന്തിൽ ചമീര പിടിച്ച് പുറത്താക്കിയത്. ശ്രേയസ് അയ്യർ 20 പന്തിൽ 24 റൺസുമായി മടങ്ങി. ഇന്ത്യൻ ഇന്നിംഗ്സിന് ശക്തി നൽകിയ രാഹുൽ 48 പന്തിൽ നിന്ന് 61 റൺസ് നേടി.

ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ തിസേര പെരേര ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും നേടിയ ശേഷം ടി20 പരമ്പരയും നേടാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ കുട്ടിക്രിക്കറ്റ് ഫോർമാറ്റിൽ ലങ്ക കരുത്തരായതിനാൽ പരമ്പരയിൽ ഇന്ത്യ വെല്ലുവിളിയും നേരിടുന്നുണ്ട്.

ഏരെ പ്രതീക്ഷിച്ചിരുന്നെങ്കിലും കേരള താരം ബേസിൽ തമ്പി ആദ്യ ഇലവനിൽ ഇല്ല. ജയദേവ് ഉനദ്‌കട്ടാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. ഭുവനേശ്വർ കുമാറിന്റെ അഭാവത്തിലാണ് ടീമിലേക്ക് പുതുമുഖങ്ങളെ എടുത്തത്.

ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. രോഹിത് ശർമ്മ നയിക്കുന്ന ഇന്ത്യൻ സംഘത്തിൽ ലോകേഷ് രാഹുൽ, ശ്രേയസ് അയ്യർ, ദിനേശ് കാർത്തിക്, ധോണി, മനേഷ് പാണ്ഡെ, ഹർദ്ദിക് പാണ്ഡ്യ, ജയദേവ് ഉനദ്‌കട്, കുൽദീപ് യാദവ്, ജസ്‌പ്രീത് ഭുംറ, യുസ്‌വേന്ദ്ര ചാഹൽ എന്നിവരാണ് ഉൾപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ