ധർമശാല: ബോർഡർ – ഗവാസ്കർ ട്രോഫിക്കായുള്ള ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ബാറ്റിംഗിനിറങ്ങിയ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ മാറ്റ് റെൻഷോയാണ് ഉമേഷ് യാദവിന്റെ പന്തിൽ ബൗൾഡായത്. ഒടുവിൽ വിവരം ലഭിക്കുന്പോൾ ഓസീസ് 21 റൺസ് നേടിയിട്ടുണ്ട്. ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തുമാണ് ക്രീസിൽ.

നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്കാണ് ടോസ് ലഭിച്ചത്. പരിക്കിൽ നിന്ന് മുക്തനാകാത്ത ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നാലാം ടെസ്റ്റിനുള്ള ടീമിൽ ഇല്ല. ഇതോടെ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. ടീം ഇന്ത്യയുടെ 33 മത് ടെസ്റ്റ് ക്യാപ്റ്റനാണ് രഹാനെ. അതേസമയം കപ്പുയർത്താൻ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണെന്നിരിക്കെ ധർമശാല ടെസ്റ്റിന് പ്രാധാന്യം ഏറെയാണ്.

ടീമിൽ അഞ്ച് ബൗളർമാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ഇശാന്ത് ശർമ്മയെ മാറ്റി പകരം ഭുവനേശ്വർ കുമാറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പകരം ടീമിൽ ഇടം ലഭിച്ചത് കുൽദീപ് യാദവിനാണ്. ആദ്യ ടെസ്റ്റിനിറങ്ങുന്ന കുൽദീപ് യാദവ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഇടം നേടുന്ന 288 മത്തെ താരമാണ്.

കെ.എൽ, രാഹുൽ, മുരളി വിജയ്, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, കരുൺ നായർ, ആർ.അശ്വിൻ, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ്, ഉമേഷ് യാദവ് എന്നിവരാണ് ടീമിൽ ഉള്ളത്. അതേസമയം മറുഭാഗത്ത് ഓസീസ് ടീമിൽ മാറ്റമില്ല. ഡേവിഡ് വാർണർ, മാറ്റ് റെൻഷോ, സ്റ്റീവ് സ്മിത്ത്, ഷോൺ മാർഷ്, പീറ്റർ ഹാന്റ്സ്കോംബ്, ഗ്ലെൻ മാക്സ്‌വെൽ, മാത്യു വെയ്‌ഡ്, പാറ്റ് കുമ്മിൻസ്, സ്റ്റീവ് ഒകഫെ, നതാൻ ലിയോൺ, ജോഷ് ഹെയ്‌സിൽവുഡ് എന്നിവരാണ് ഓസീസ് ടീമിലുള്ളത്.

പേസിനെ തുണയ്ക്കുന്ന പിച്ചാണ് ധർമശാലയിലേത്. എങ്കിലും ആദ്യ ദിവസം ഇത് ബാറ്റിംഗിന് അനുകൂലമാകുമെന്നാണ് കരുതുന്നത്. മൂന്നാം ദിവസം മുതൽ മാത്രമേ പിച്ച് കൂടുതൽ സ്പിന്നിനെ തുണയ്ക്കൂ എന്നാണ് നിരീക്ഷിക്കുന്നത്. അതേസമയം ബാറ്റിംഗിന് വലിയ വെല്ലുവിളിയൊന്നും സ്പിന്നർമാർക്ക് ഉയർത്താനാകില്ലെന്ന് കരുതുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ