ലയണല്‍ മെസി പുരസ്‌കാരം ഏറ്റുവാങ്ങിയ വേദിയില്‍ കൈയടി നേടി രണ്ടാമത്തെ മകന്‍ മത്തെയോ മെസി. ആറാം തവണയും യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മെസി സ്വീകരിച്ച വേദിയിലായിരുന്നു രസകരമായ രംഗങ്ങള്‍ അരങ്ങേറിയത്.

പിഎസ്ജിയുടെ കിലിയന്‍ എംബാപ്പെയടക്കമുള്ളവരെ പിന്നിലാക്കിയാണ് ബാഴ്‌സ താരം ഗോള്‍ഡന്‍ ഷൂ നേടിയത്. 36 ഗോളുകളാണ് ലാ ലീഗയുടെ കഴിഞ്ഞ സീസണില്‍ താരം നേടിയത്. തുടര്‍ച്ചയായ മൂന്നാം വട്ടമാണ് മെസി ഈ പുരസ്‌കാരം നേടുന്നത്.

പുരസ്‌കാരം ഏറ്റുവാങ്ങാനായി മെസി എത്തിയപ്പോഴായിരുന്നു രസകരമായ സംഭവം. പുരസ്‌കാരം നല്‍കുന്നതിന് മുമ്പായി അവതാരകര്‍ മെസിയുടെ മക്കളെ വേദിയിലേക്ക് വിളിക്കുകയായിരുന്നു.

പിന്നാലെ, ഗോള്‍ഡന്‍ ഷൂ ചേട്ടൻ തിയാഗോയ്ക്ക് നല്‍കിയപ്പോള്‍ മത്തെയോവിന് അത് ഇഷ്ടമായില്ല. മെസിയുടെ അരികില്‍നിന്നു തിയോഗോയുടെ അടുത്തെത്തിയ മത്തെയോ പുരസ്‌കാരത്തില്‍ പിടിമുറുക്കി. രണ്ടുപേരും തമ്മില്‍ പുരസ്‌കാരത്തിനായി പിടിവലിയായി. ഒടുവില്‍ മത്തെയോ തന്നെ ജയിച്ചു. ചേട്ടന്റെ കൈയിൽനിന്നു പുരസ്‌കാരം പിടിച്ചുവാങ്ങി അച്ഛനു നല്‍കിയതോടെയാണ് മത്തെയോ അടങ്ങിയത്.

മത്തെയോവിന്റെ മുഖത്തെ ഭാവങ്ങളാണ് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായ മത്തേയോ വീണ്ടും ആരാധകരെ സൃഷ്ടിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook