ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തിൽ നിന്ന് ഇന്നലെയാണ് അർജന്റീന പിന്മാറിയത്. ജെറുസലേം പിടിച്ചടക്കിയതിന്റെ നൂറാം വാർഷികത്തോട് അനുബന്ധിപ്പിച്ചായിരുന്നു  ഇസ്രയേൽ മൽസരത്തിനുളള ഒരുക്കങ്ങൾ നടത്തിയത്.

വെറുമൊരു സൗഹൃദ മൽസരമായിരുന്നില്ല പലസ്‌തീനത്. നിലനിൽപ്പിന്റെയും അതിജീവനത്തിന്റെയും പ്രതിഷേധം അവരുയർത്തിയതും അതിനാലാണ്. ലയണൽ മെസിയെ, ഫുട്ബോളിനെ സ്‌നേഹിക്കുന്ന പലസ്‌തീൻകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ അർജന്റീനയാണ് മൽസരത്തിൽ നിന്ന് പിന്മാറിയത്.

ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അർജന്റീനയുടെ ക്യാപ്റ്റൻ ഗോൺസാലോ ഹിഗ്വെയ്ൻ ഇക്കാര്യം പറഞ്ഞത്. പിന്മാറ്റത്തിന് പിന്നിലെ കാരണമെന്തെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോഴാണ് ഹിഗ്വെയ്ൻ ഇക്കാര്യം തുറന്നുപറഞ്ഞത്.

“കളിക്കുന്നത് കൊണ്ട് അർജന്റീനയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല. പക്ഷെ പലസ്‌തീൻ ജനത വേദനിച്ചിരിക്കുമ്പോൾ എങ്ങിനെ ശാന്തരായി കളിക്കാൻ സാധിക്കുമെന്ന് മെസിയാണ് ചോദിച്ചത്. അത് ശരിയാണെന്ന് ഞങ്ങൾക്ക് തോന്നി. അതിനാലാണ് കളിക്കേണ്ടെന്ന് തീരുമാനം എടുത്തത്,” ഹിഗ്വെയ്ൻ വിശദീകരിച്ചു.

ഇതിന് പിന്നാലെ മറ്റൊരു അർജന്റീന മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മെസിയും ഇക്കാര്യത്തെ കുറിച്ച് വിശദീകരിച്ചു. “നിരപരാധികളായ പലസ്‌തീനിലെ കുഞ്ഞുങ്ങളെ കൊല്ലുന്നവർക്കൊപ്പം കളിക്കാൻ യൂനിസെഫിന്റെ അംബാസഡറായിരുന്ന് എനിക്ക് സാധിക്കില്ല. ഫുട്ബോളർമാർ എന്നതിന് മുൻപ് മനുഷ്യരാണെന്നത് കൊണ്ടാണ് മൽസരത്തിൽ നിന്ന് പിൻവാങ്ങിയത്.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook