സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ട് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറുമോ എന്ന ചോദ്യം സോക്കർ ലോകത്തും ആരാധകർക്കിടയിലും കുറച്ച് ദിവസമായി ഉയർന്നുകേൾക്കുന്നുണ്ട്. യുവേഫ ചാമ്പ്യൻസ്ലീഗിൽ ബയേണിനോട് 8-2ന് പരാജയപ്പെട്ട് ബാഴ്സ ക്വാർട്ടറിൽ പുറത്തായതോടെ മെസ്സി മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറുമോ എന്ന അഭ്യൂഹം ശക്തമാവുകയും ചെയ്തു. ഇപ്പോൾ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി മെസിയെ ക്ലബ്ബിലെത്തിക്കാൻ ശ്രമം തുടരുന്നതായി വാർത്തകൾ പുറത്തുവരുന്നു.
അർജന്റീനിയൻ സൂപ്പർ താരവുമായി കരാറിലെത്താൻ കഴിയുമോ എന്നും അതിനായി സാമ്പത്തിക ഫെയർ പ്ലേ ചട്ടങ്ങൾ ലംഘിക്കപ്പെടാത്ത തരത്തിലുള്ള മാർഗങ്ങളുണ്ടോയെന്നും പ്രീമിയർ ലീഗ് വമ്പൻമാർ പരിശോധിച്ചു വരികയാണെന്ന് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. മെസിയെ കൈമാറില്ലെന്നാണ് ബാഴ്സയുടെ ഔദ്യോഗിക നിലപാട്. 700 മില്യൺ യൂറോ ആയിരിക്കും മെസ്സിയെ കൈമാറ്റം ചെയ്യുകയാണെങ്കിൽ ബാഴ്സയ്കക്ക് ക്ലബ്ബുകൾ നൽകേണ്ടി വരുന്ന റിലീസ് ക്ലോസ്.
Read More: ബാഴ്‌സലോണയില്‍ ലൂയി സുവാരസിന്റെ സ്ഥാനം ത്രിശങ്കുവില്‍
താരക്കൈമാറ്റത്തിനായി ക്ലബ്ബുകൾ വരവിൽ കവിഞ്ഞ തുക ചിലവഴിക്കുന്നത് തടയുന്നതാണ് ഫിഫയുടെ ഫെയർ പ്ലേ നിയമം. ഈ നിയമം ലംഘിക്കാത്ത തരത്തിൽ മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ എങ്ങനെ സാധിക്കുമെന്നാണ് സിറ്റി പരിശോധിക്കുന്നത്.മെസ്സിയെ ക്ലബ്ബിലെത്തിക്കാൻ എത്ര പണം വേണമെങ്കിലും ചിലവഴിക്കാൻ സിറ്റി തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നു.
2001ൽ യൂത്ത് കരിയർ മുതൽ മെസ്സി ബാഴ്സയുടെ ഭാഗമാണ്. മറ്റൊരു ക്ലബ്ബിന്റെയും ഭാഗമായിട്ടില്ല. ബാഴ്സയുമായുള്ള ഇരുപതോളം വർഷമായി തുടരുന്ന ബന്ധമാവും ക്ലബ്ബ് വിട്ടാൽ മെസ്സിക്ക് അവസാനിപ്പിക്കേണ്ടി വരിക.
മെസ്സി അടക്കമുള്ള താരങ്ങളുടെ പ്രിയപ്പെട്ട ബാഴ്സ മുൻ പരിശീലകൻ പെപ് ഗാർഡിയളയാണ് സിറ്റിയുടെ പരിശീലകൻ. ഇത് മെസ്സിയെ സിറ്റിയിലേക്ക് ആകർഷിക്കാൻ സാധ്യതയുള്ള കാര്യമായാണ് വിലയിരുത്തപ്പെടുന്നത്.
Read More: മെസ്സി വരികയാണെങ്കിൽ പിഎസ്‌ജി അദ്ദേഹത്തെ സ്വാഗതം ചെയ്യും: തോമസ് തുഹൽ
ചാമ്പ്യൻസ് ലീഗിലെ പരാജയത്തിന് പിറകേ മെസ്സി ക്ലബ്ബ് വിടാൻ താൽപര്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അപ്പോഴത്തെ ക്ലബ്ബിന്റെ പരിശീലകൻ ക്വിക്കെ സെറ്റിയനെതിരെ മെസ്സിയടക്കമുള്ള താരങ്ങൾ വിമർശനമുന്നയിക്കുകയും ചെയ്തിരുന്നു. പിന്നീട് സെറ്റിയനെ പുറത്താക്കി റൊണാൾഡ് കോമാനെ ബാഴ്സ മുഖ്യ പരിശീലകനാക്കി നിയമിക്കുകയും ചെയ്തു. എന്നാൽ പരിശീലകൻ മാറിയിട്ടും ക്ലബ്ബിൽ തുടരാനാകില്ലെന്ന നിലപാടാണ് മെസ്സിക്കെന്നാണ് വിവിധ സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
അതേ സമയം ബാഴ്സയിൽനിന്ന് ലൂയി സുവാരസ് അടക്കമുള്ള താരങ്ങളെ ഒഴിവാക്കാൻ ശ്രമിക്കുന്നതായി കാറ്റലൻ റേഡിയോ സ്റ്റേഷനായ റാക് 1 തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച സുവാരസിന് വിട എന്ന തലക്കെട്ടുമായി സ്‌പോര്‍ട്‌സ് പത്രങ്ങളും ഇറങ്ങി. മൂന്ന് ദേശീയ സ്‌പോര്‍ട്‌സ് ദിന പത്രങ്ങളാണ് 33 വയസ്സുള്ള സുവാരസിന് വിട ചൊല്ലിയത്.
സുവാരസ്, മിഡ് ഫീല്‍ഡര്‍മാരായ ഇവാന്‍ റാകിറ്റിക്, അര്‍ത്തൂറോ വിഡല്‍, പ്രതിരോധ നിരക്കാരന്‍ സാമുവേല്‍ ഉംറ്റിറ്റി എന്നിവരുടെ ചിത്രങ്ങൾ സഹിതമുള്ള വാർത്തയിൽ കോമാന് അവരെ ആവശ്യമില്ല എന്നാണ് മുണ്ടോ ഡീപോര്‍ട്ടിവോ എഴുതിയത്. എന്നാൽ ഇക്കാര്യത്തിൽ ബാഴ്സലോണയുടെയോ സുവാരസിന്റെയോ പ്രതിനിധികൾ പ്രതികരണം അറിയിച്ചിട്ടില്ല.