ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഒളിമ്പിയാക്കോസിനെതിരായ മത്സരത്തിൽ ലയണൽ മെസി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരുന്നു. തന്റെ കരിയറിലെ 100-ാം ഗോൾ ആണ് മെസി ഇന്നലെ നേടിയത്. മാത്രമല്ല മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് ബാഴ്സിലോണ വിജയിക്കുകയും ചെയ്തു. പക്ഷേ മൽസരത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.

മൽസരം തുടങ്ങി അധികം കഴിയുന്നതിനു മുൻപേ മെസി തന്റെ സോക്സിൽനിന്നും എന്തോ എടുത്ത് കഴിച്ചതാണ് വിവാദത്തിന് ആധാരം. മൽസരത്തിന്റെ 10-ാം മിനിറ്റിൽ മെസി സോക്സിൽനിന്നും എന്തോ എടുത്ത് കഴിക്കുന്നത് ടിവി ക്യാമറകൾ പകർത്തുകയായിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ മെസി കഴിച്ചത് എന്താണെന്ന് ചൂടേറിയ ചർച്ച നടന്നു. ഒടുവിൽ സ്പാനിഷ് ടാബ്ലോയിഡ് സ്‌പോർട് ഇതിന്റെ ഉത്തരം കണ്ടെത്തി. സോക്‌സിനുള്ളില്‍ നിന്നും മെസി എടുത്ത് കഴിച്ചത് ഗ്ലൂക്കോസ് ടാബ്ലറ്റാണെന്നാണ് സ്‌പോര്‍ട് റിപ്പോർട്ട്. കാറ്റലോണിയ റേഡിയോയുടെ റിക്കാര്‍ഡ് ടോര്‍ക്വിമാഡ എന്ന സ്‌പോര്‍ട്‌സ് ജേണലിസ്റ്റിനെ ഉദ്ധരിച്ചാണ് സ്‌പോർട് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകര്‍ ബാഴ്‌സലോണ മാനേജരോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. കളിക്കാര്‍ ഗ്ലൂക്കോസ് കഴിക്കുന്ന കാര്യം എനിക്കറിയാമെന്നും അത് കഴിച്ച് ഗോളടിക്കണമെങ്കില്‍ കുറഞ്ഞത് ഒരു ചുമട് ഗ്ലൂക്കോസ് ഗുളികയെങ്കിലും മെസി കഴിക്കേണ്ടി വരുമെന്നുമായിരുന്നു മാനേജരുടെ പ്രതികരണം.

കായികതാരങ്ങള്‍ ഇത്തരത്തിലുള്ള ഹാനികരമല്ലാത്ത ടാബ്‌ലറ്റുകള്‍ ഉപയോഗിക്കാറുണ്ട്. മത്സരത്തിനിടെ ഛര്‍ദ്ദി അനുഭവിക്കുന്ന താരമാണ് മെസി. മൈതാനത്തു വച്ച് മെസി ഛര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. ഇതിനെ മറികടക്കുകയെന്ന ഉദ്ദേശ്യത്തോടെയാവും മെസി ഗ്ലൂക്കോസ് ടാബ്‌ലെറ്റ് കഴിച്ചതെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ