അർജന്റീനൻ ഫുട്ബോൾ ഇതിഹാസവും ബാഴ്സിലോണ എഫ്‌സിയുടെ കേന്ദ്രബിന്ദുവുമായ ലയണൽ മെസ്സിക്ക് വീണ്ടും അച്ഛനായി. ഇത്തവണയും ആൺകുഞ്ഞാണ് ലയണൽ മെസ്സി-അന്റോണെല്ല റുക്കോസോയ്ക്കും പിറന്നത്. ‘സിറോ’ എന്നാണ് കുടുംബത്തിലെ പുതിയ അതിഥിയ്ക്ക് പേരിട്ടിരിക്കുന്നത്.

തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് മെസ്സി മകന്റെ പിറവി അറിയിച്ച് പോസ്റ്റിട്ടത്. “സ്വാഗതം സിറോ. നന്ദി ദൈവമേ എല്ലാം ശുഭമായി അവസാനിപ്പിച്ചതിന്. അമ്മയും മകനും സുഖമായിരിക്കുന്നു. ഞങ്ങൾ സൂപ്പർ ഹാപ്പി,” മെസ്സി ചിത്രത്തോടൊപ്പം കുറിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് മെസിയും ഭാര്യ റുക്കോസോയും തങ്ങളുടെ കുടുംബത്തിലേക്ക് മൂന്നാമതൊരാൾ വരുന്നുണ്ടെന്ന് ലോകത്തെ അറിയിച്ചത്. ഇവരുടെ മൂത്ത കുട്ടി അഞ്ച് വയസുകാരനായ തിയാഗോയും രണ്ടാമൻ രണ്ടു വയസുകാരനായ മാറ്റിയോവുമാണ്.

മൂന്നാമത്തെ കുഞ്ഞിന്റെ വരവോടെ ടീമിൽ നിന്ന് അവധി എടുത്തിരിക്കുകയാണ് ലാലിഗയിലെ ടോപ് സ്കോറർ. മലാഗ എഫ്‌സിക്കെതിരായ മത്സരം താരം കളിക്കില്ല. 11 മത്സരങ്ങൾ ശേഷിക്കേ ലാലിഗയിൽ 69 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. എട്ട് പോയിന്റ് പുറകിൽ നിൽക്കുന്ന അത്ലറ്റികോ മാഡ്രിഡാണ് രണ്ടാം സ്ഥാനക്കാർ. ചാംപ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ ബുധനാഴ്ച ചെൽസിയാണ് അത്ലറ്റികോ മാഡ്രിഡിന്റെ എതിരാളികൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ