ബാഴ്സലോണ കുപ്പായത്തിൽ തന്റെ 700-ാം മത്സരം കളിക്കാനിറങ്ങിയ മെസി ഇന്നലെ ക്ലബ്ബിനെ ഒരിക്കൽ കൂടി ചാംപ്യൻസ് ലീഗിന്റെ നോക്ക് ഔട്ട് റൗണ്ടിലെത്തിച്ചു. മെസിയുടെ മിന്നും പ്രകടനത്തിൽ ജർമൻ വമ്പന്മാരായ ബോറുഷ്യ ഡോട്മുണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ കീഴടക്കിയത്. ജയത്തോടെ നോക്ക് ഔട്ട് റൗണ്ടിൽ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനും ബാഴ്സയ്ക്കായി.

മത്സരത്തിൽ ബാഴ്സ നേടിയ മൂന്ന് ഗോളുകളിലും ഭാഗമായാണ് മെസി കളം നിറഞ്ഞാടിയത്. ഒരു ഗോൾ മെസി തന്നെ വലയിലെത്തിച്ചപ്പോൾ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയതും താരമായിരുന്നു.

മത്സരത്തിന്റെ ആദ്യ മിനിറ്റിൽ തന്നെ ജർമൻ വമ്പന്മാർ ബാഴ്സ ഗോൾവലയിലേക്ക് ഇരച്ചു കയറി. മാർക്ക് ആന്ദ്രേയുടെ സേവിൽ അപകടം ഒഴിവാക്കിയ ബാഴ്സ ഉടൻ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 29-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ലൂയി സുവാരസ് – മെസി സഖ്യത്തിന്റെ മുന്നേറ്റം ബോക്സിലേക്ക് കുതിക്കുകയും മെസിയുടെ അളന്നുമുറിച്ച പാസ് സുവാരസ് വലയിലെത്തിക്കുകയും ചെയ്തതോടെ ബാഴ്സയ്ക്ക് ലീഡ്.

മെസിയുടെ വകയായിരുന്നു രണ്ടാം ഗോൾ. 39-ാം മിനിറ്റിൽ ഡോട്മുണ്ട് വലകുലുക്കി മെസി ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയിൽ നേടിയ രണ്ട് ഗോൾ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ബാഴ്സ 67-ാം മിനിറ്റിൽ ലീഡ് മൂന്നാക്കി. മറ്റൊരു സൂപ്പർ താരം ഗ്രീസ്മാന്റെ വകയായിരുന്നു മൂന്നാം ഗോൾ. പകരക്കാരനായി ഇറങ്ങിയ ഗ്രീസ്മാൻ ബാഴ്സയുടെ കൗണ്ടർ അറ്റാക്ക് കൃത്യമായി ലക്ഷ്യത്തിൽ അവസാനിപ്പിക്കുകയായിരുന്നു. ഇത്തവണയും ഗോളിന് വഴിയൊരുക്കിയത് മെസി. 77-ാം മിനിറ്റിൽ സാഞ്ചോയുടെ വകയായിരുന്നു ഡോട്മുണ്ടിന്റെ ആശ്വാസ ഗോൾ.

ബാഴ്സലോണയ്ക്കായി 700 മത്സരങ്ങൾ തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും മെസി സ്വന്തമാക്കി. 767 മത്സരങ്ങൾ കളിച്ച സാവി മാത്രമാണ് മെസിക്ക് മുന്നിലുള്ളത്. ബാഴ്സലോണയ്ക്കു വേണ്ടി 34 കിരീടങ്ങൾ നേടാനും മെസിക്കായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook