പാരിസ്: അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജര്‍മന്‍ വിടാനൊരുങ്ങുന്നു. ഈ സീസണിന്റെ അവസാനത്തോടെ മെസി ക്ലബ്ബ് വിടുമെന്നാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ഫാബ്രിസിയൊ റൊമാനൊ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ക്ലബ്ബിന്റെ അനുമതിയില്ലാതെ സൗദി സന്ദര്‍ശനം നടത്തിയതിന് മെസിയെ പി എസ് ജി സസ്‍പെന്‍ഡ് ചെയ്തിരുന്നു. മെസിയുടെ പിതാവ് ജോര്‍ജെ താരത്തിന്റെ തീരുമാനം ഒരു മാസം മുന്‍പ് തന്നെ ക്ലബ്ബിനെ അറിയിച്ചതായും ഫാബ്രിസിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2021-ലാണ് ബാഴ്സലോണയില്‍ നിന്ന് മെസി പി എസ് ജിയിലെത്തുന്നത്. താരം ബാഴ്സലോണയിലേക്ക് തന്നെ മടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
2022 ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി മെസിയും കൂട്ടരും കിരീടം ചൂടിയത് പാരീസ് ആരാധകരില്‍ അമര്‍ഷം ഉണ്ടാക്കി. പി എസ് ജിയുടെ സ്വന്തം മൈതാനത്ത് പോലും മെസിക്കെതിരെ അധിക്ഷേപം നടന്നു.
മെസി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് സൗദി അറേബ്യന്‍ ലീഗിലേക്ക് ചേക്കേറിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.