സ്പാനിഷ് ലീഗിലെ എൽ ക്ലാസികോയിൽ സൂപ്പർ താരം ലയണൽ മെസിയുടെ മികവിൽ ബാഴ്സലോണക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ മൂന്ന് ഗോളിന് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്സലോണ കിരീട പ്രതീക്ഷകൾ നില നിർത്തി. ബാവ്സലോണയ്ക്ക് വേണ്ടി അഞ്ഞൂറാം ഗോള്‍ നേടിയ മെസി മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി.

മത്സരം അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് മെസി തന്റെ അഞ്ചൂറാം ഗോളിലൂടെ ബാഴ്സയ്ക്ക് വിജയം സമ്മാനിച്ചത്. ഞെട്ടിത്തരിച്ച റയലിന്റെ താരങ്ങളെ സാക്ഷിയാണ് മെസി തന്റെ അഞ്ഞൂറാം ഗോള്‍ നേട്ടവും ടീമിന്റെ വിജയവും ആഘോഷിച്ചത്.

തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിച്ച ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. കാസമിറോയിലൂടെ രയല്‍ ആദ്യ ഗോള്‍ നേടിയെങ്കിലും തുറുപ്പുചീട്ടായ മെസി തന്നെ ബാഴ്സയ്ക്ക് വേണ്ടി സമനില പിടിച്ചു.
പിന്നീട് ഗോള്‍ പിറക്കാതിരുന്ന ആദ്യ പകുതിക്ക് ശേഷം ഇവാൻ റാക്കിട്ടിച്ചിന്റെ ഗംഭീര ഗോളിലൂടെ ബാഴ്സ മുമ്പിലെത്തി. വിട്ടു കൊടുക്കാന്‍ തയ്യാറല്ലായിരുന്ന റയൽ കളം നിറഞ്ഞ് വാശിയോടെ കളിച്ചെങ്കിലും നായകൻ സെർജിയോ റാമോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ വീണ്ടും ആശങ്കയുടെ നിമിഷങ്ങള്‍.

എന്നാല്‍ പകരക്കാരനായി ഇറങ്ങിയ ഹാമേസ് റോഡ്രിഗസ് റയലിനെ ബാഴ്സയ്ക്ക് ഒപ്പമെത്തിച്ചു. ഇഞ്ചുറി സമയത്തിന്റെ അവസാന സെക്കന്റുകളിലായിരുന്നു മെസിയുടെ രണ്ടാം ഗോൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ