കാത്തിരിപ്പ് അവസാനിച്ചു; പിഎസ്ജി കുപ്പായത്തില്‍ മിശിഹയുടെ ആദ്യ ഗോള്‍

മെസി തന്നെ തുടക്കമിട്ട മുന്നേറ്റത്തില്‍ കെയിലിയന്‍ എംബാപയാണ് ഗോളിന് വഴിയൊരുക്കിയത്

Lionel Messi, PSG
Photo: Facebook/ UEFA Champions League

പാരിസ്: ആരാധകരുടേയും ഫുട്ബോള്‍ പ്രേമികളുടേയും കാത്തിരിപ്പ് അവസാനിച്ച നിമിഷമായിരുന്നു ചാമ്പ്യന്‍സ് ലീഗില്‍ പാരിസ് സെന്റ് ജര്‍മന്‍ – മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തിലെ 74-ാം മിനിറ്റ്. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ബൂട്ടുകള്‍ പിഎസ്ജിക്കായി ലക്ഷ്യം കണ്ടു. ഗോള്‍ പിറന്നതിന് പിന്നാലെ പിഎസ്ജിയുടെ ഗ്യാലറി ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. മെസി തന്നെ തുടക്കമിട്ട മുന്നേറ്റത്തില്‍ കെയിലിയന്‍ എംബാപയാണ് ഗോളിന് വഴിയൊരുക്കിയത്.

കരുത്തരായ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് പിഎസ്ജി പരാജയപ്പെടുത്തുകയും ചെയ്തതോടെ ഇരട്ടി മധുരമായി. മെസിക്ക് പുറമെ ഇഡ്രീസ ഗവേയ് ആണ് ടീമിനായി ഗോള്‍ കണ്ടെത്തിയത്. കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ സിറ്റിയാണ് പിഎസ്ജിയെ സെമിയില്‍ പുറത്താക്കിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ഫൈനലിലും, സെമിയിലും എത്തിയെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം പിഎസ്ജിക്ക് സാക്ഷാത്കരിക്കാനായിട്ടില്ല. മെസിയെ ടീമിലെത്തിച്ചതിന്റെ പ്രധാന ലക്ഷ്യവും യൂറോപ്യന്‍ ചാമ്പ്യന്മാരാകുക എന്നതാണ്.

ആദ്യ ഇലവനില്‍ മെസിയെത്തിയതോടെ വലിയ ആവേശമായിരുന്നു ആരാധകര്‍ക്കിടയില്‍. കരുത്തരായ സിറ്റിക്കെതിരെ മെസി മൈതാനത്ത് മികവ് കാട്ടി. ബാഴ്സലോണയിലെ മുന്നേറ്റങ്ങളെ ഓര്‍മിപ്പിക്കും വിധമായിരുന്നു കളത്തിലെ നീക്കങ്ങള്‍. തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമണ ഫുട്ബോളാണ് സ്വീകരിച്ചത്. അവസരങ്ങള്‍ ലഭിച്ചത് മുതലാക്കാന്‍ സാധിക്കാതെ പോയത് സിറ്റിക്ക് തിരിച്ചടിയാവുകയും ചെയ്തു.

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള പിഎസ്ജിയാണ് ഒന്നാമത്. സിറ്റി മൂന്നാം സ്ഥാനത്താണ്. മറ്റ് മത്സരത്തില്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, അത്ലറ്റിക്കോ മാഡ്രിഡ് എന്നിവര്‍ വിജയം സ്വന്തമാക്കിയപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തോല്‍വി നേരിട്ടു. ഷെരീഫിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പരാജയം.

Also Read: ഇപ്പോള്‍ കല്യാണം കഴിഞ്ഞേയുള്ളു?; മലയാളി ദമ്പതികളോട് സഞ്ജുവിന്റെ കുശലാന്വേഷണം; വീഡിയോ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Lionel messi scored his first goal in psg jersey

Next Story
IPL 2020: ഐപിഎല്ലിലെ അവസാന രണ്ടു മത്സരങ്ങൾ ഒരേ സമയം നടക്കും: ബിസിസിഐ
The moderation of comments is automated and not cleared manually by malayalam.indianexpress.com