മോസ്കോ: മെസ്സിക്ക് ഒരു കടം കിടപ്പുണ്ട്. 2014 ലോകകപ്പിന്റെ കലിപ്പ് തീർക്കണം. കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ കിരീടം 2018 ലോകകപ്പിൽ കൈപിടിയിലൊതുക്കണം. അതോടെ ലോകം വാഴ്ത്തും, എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന്. മറഡോണയും പെലെയും അലങ്കരിക്കുന്ന ഇതിഹാസ നിരയിൽ മെസ്സി ചിരപ്രതിഷ്ഠ നേടും. താരത്തിനെ പോലെ ലോകത്താകമാനം ഉള്ള കോടാനുകോടി ആരാധകരും ഇന്ന് അത് സ്വപ്നം കാണുന്നുണ്ട്.

ലോകകപ്പ് കൈവരിക്കാനായാൽ എന്തു ചെയ്യും എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയുകയാണ് മെസി. ഒരു തീർത്ഥ യാത്ര പോകും. അതും കാല്‍നടയായി 68 കിലോമീറ്റര്‍ സഞ്ചരിച്ച്. ജന്മനഗരമായ റൊസാരിയോയിലെ സാന്‍ നികോളാസിലേക്ക് തീര്‍ത്ഥയാത്ര പോകുമെന്നാണ് മെസ്സിയുടെ ശപഥം. ഏകദേശം 14 മണിക്കൂറെങ്കിലുമെടുക്കുന്ന യാത്രയാണിത്. മോസ്‌ക്കോയില്‍ വെച്ച് ടിവൈസി സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യക്കെതിരായ സൗഹൃദ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണിപ്പോൾ അര്‍ജന്റീന.

അര്‍ജന്റീനയിലെ കാത്തോലിക്കരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് സാന്‍ നിക്കോളാസ്. എല്ലാ സെപ്തംബറിലും ആണ് ഇവിടുത്തെ തീർത്ഥയാത്ര. ലാറ്റിനമേരിക്കന്‍ ഗ്രൂപ്പില്‍ നിന്ന് അവസാന നിമിഷമാണ് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടിയത്. ഇക്വഡോറിനെതിരെ മെസ്സി നേടിയ ഹാട്രിക് ഗോളിലായിരുന്നു അർജന്റീനയുടെ ലോകകപ്പ് പ്രവേശനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ