നികുതിവെട്ടിപ്പ് കേസിലെ 21 മാസത്തെ തടവുശിക്ഷ ഒഴിവാക്കാൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 5.58 ലക്ഷം ഡോളർ വാഗ്ദാനം ചെയ്തു. പിഴയായി കൂടുതൽ തുക അടക്കാമെന്നും തടവുശിക്ഷ ഒഴിവാക്കണമെന്നുമാണ് ലയണൽ മെസ്സി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്പാനിഷ് കോടതി മുൻപാകെ സമർപ്പിച്ചിരിക്കുന്ന ഈ അപേക്ഷയിൽ ജഡ്ജി തീരുമാനിക്കുമെന്ന് പബ്ലിക് പ്രൊസിക്യുട്ടർ ഇസബെൽ ലോപസ് റെയറയാണ് അസോസിയേറ്റഡ് പ്രസിനോട് ഇക്കാര്യം പറഞ്ഞത്.

കേസിൽ സർക്കാരിന്റെ ഭാഗം വാദിക്കുന്ന ഇസബെൽ ലോപസ് റെയറ അധിക പിഴ ഈടാക്കി തടവുശിക്ഷ ഒഴിവാക്കി കൊടുക്കുന്നതിനെ താൻ എതിർക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മെസിയുടെ അഭിഭാഷകൻ 4 ലക്ഷം ഡോളറിന്റെ അധിക പിഴ നൽകാമെന്ന് മെസ്സിയുടെ പിതാവിന് വേണ്ടിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ലയണൽ മെസ്സിയും പിതാവും ചേർന്ന് സ്പാനിഷ് സർക്കാരിന് 4.1 ലക്ഷം യൂറോയുടെ നികുതിബാധ്യത ഉണ്ടാക്കിയെന്നാണ് കേസ്. നികുതി വെട്ടിച്ച ഇരുവർക്കുമെതിരെ പിന്നീട് സ്പാനിഷ് ടാക്സ് ഓഫീസാണ് രംഗത്ത് വന്നത്.

തടവുശിക്ഷ വിധിച്ച ബാഴ്സലോണ കോടതിയുടെ വിധിക്കെതിരെ ലയണൽ മെസ്സിയും പിതാവും സ്പാനിഷ് സു്പ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബാഴ്സലോണ കോടതി വിധി സുപ്രീം കോടതിയും ശരിവെച്ചു. മെസിയും അച്ഛനും 20 ലക്ഷം യൂറോ(ഏതാണ്ട് 14 കോടി ഇന്ത്യന്‍ രൂപ)യും പിഴയടക്കണമെന്ന ശിക്ഷയും കോടതി ശരിവെച്ചിരുന്നു. ഇതിന് പുറമേയാണ് ഇപ്പോൾ ഇരുവരും അധിക പിഴ നൽകാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

സ്പെയിനിലെ നിയമപ്രകാരം അക്രമരഹിത കേസുകള്‍ക്ക് രണ്ട് വര്‍ഷത്തില്‍ താഴെ തടവ് വിധിച്ചാല്‍ ജയിലില്‍ പോകേണ്ടതില്ല. ഈ ഇളവ് മെസിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേരത്തെ നികുതി വെട്ടിപ്പ് ആരോപണം ഉയര്‍ന്നപ്പോള്‍ മെസിയും പിതാവും 50 ലക്ഷം യൂറോ സ്പെയിനിലെ നികുതി വകുപ്പില്‍ പിഴ അടച്ചിരുന്നു.

മെസ്സിയും അച്ഛനും 2007നും 2009നും ഇടക്ക് 30 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പാണ് നടത്തിയെന്നതാണ് കേസ്. കഴിഞ്ഞ ജൂലൈയില്‍ മെസ്സി കുറ്റക്കാരനാണെന്ന് ബാഴ്‌സലോണയിലെ കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. വരവിനൊത്ത നികുതിയടച്ചില്ലെന്നും നികുതിയില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിച്ചുവെന്ന കണ്ടെത്തലാണ് മെസ്സിക്ക് വിനയായത്. മെസ്സിയുടെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് പിതാവാണെന്നും മെസിയെ കേസിൽ നിന്ന് ഒഴിവാക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാൽ ആ വാദം നേരത്തെ ബാഴ്‌സലോണ കോടതി തള്ളിയിരുന്നു. ബാഴ്സലോണയിലെ മെസിയുടെ സഹതാരങ്ങളായ നെയ്മറും മഷറാനോയും സമാനമായ കേസുകളിൽ അകപ്പെട്ടിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ