ലാ ലീഗയിൽ ബാഴ്സലോണയുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ അത്ലെറ്റിക്കോ ബിൽബാവോയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ബാഴ്സക്ക് വേണ്ടി ലയണൽ മെസിയും പൗളീഞ്ഞോയുമാണ് ഗോളുകൾ നേടിയത്. ജയത്തോടു കൂടി ലാ ലീഗ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ.

ആദ്യ പകുതിയുടെ 36 മിനുറ്റിലാണ് ലിയണൽ മെസി അത്‌ലറ്റിക്കൊ ബിൽബാവോയുടെ വലകുലുക്കിയത്. ലൂയി സുവാരസിന്റെ പാസിൽ നിന്നാണ് മെസിയുടെ സുന്ദര ഗോൾ പിറന്നത്. ഇനിയേസ്റ്റയ്ക്ക് പകരം ആദ്യ ഇലവനിൽ ഇടംപിടിച്ച പൗളീഞ്ഞോയുടെ വകയായിരുന്നു ബാഴ്സയുടെ രണ്ടാം ഗോൾ.

10 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുള്ള ബാഴ്സിലോണയാണ് ലീഗിൽ ഒന്നാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുള്ള വലൻസിയയാണ് രണ്ടാം സ്ഥാനത്ത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 20 പോയിന്റുള്ള റയൽ മഡ്രിഡ് മൂന്നാം സ്ഥാനത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ