ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തളളി ബാഴ്സിലോണ താരം ലിയണല്‍ മെസി ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന താരമായി. ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് മെസി ഒന്നാമതെത്തിയത്. ശമ്പളം, പരസ്യം, ബോണസ് ഇനങ്ങളില്‍ നിന്നായി 126 മില്യണ്‍ യൂറോയാണ് മെസിയുടെ സമ്പാദ്യം. അതേസമയം റയല്‍ മാഡ്രിഡ് താരം റൊണാള്‍ഡോ 94 മില്യണ്‍ യൂറോയാണ് സമ്പാദിക്കുന്നത്.

കഴിഞ്ഞ സീസണില്‍ മെസി റൊണാള്‍ഡോയ്ക്ക് പിന്നിലായിരുന്നു. അന്ന് മെസിക്ക് 76.5 മില്യണ്‍ യൂറോയുടെ വരുമാനമുണ്ടായിരുന്നപ്പോള്‍ റൊണോ 87.5 മില്യണ്‍ യൂറോ നേട്ടത്തോടെ ഒന്നാമതെത്തി. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ്, സ്പാനിഷ് കപ്പ്, സൂപ്പര്‍ കപ്പ് എന്നീ മത്സരങ്ങള്‍ക്കും അര്‍ജന്റീനയുടെ ദേശീയ ടീമിനായും കളിച്ചുളള നേട്ടത്തില്‍ മിനുട്ടില്‍ 25,000 യൂറോയാണ് മെസി സമ്പാദിക്കുന്നത്. കൂടാതെ ബാഴ്സിലോണയ്ക്ക് വേണ്ടി അടുത്ത അഞ്ച് മത്സരങ്ങളിലും അദ്ദേഹം ബൂട്ട് കെട്ടിയേക്കും.

കഴിഞ്ഞ വര്‍ഷങ്ങളിലെ 10 ബാലന്‍ ഡിയോര്‍ പുരസ്കാരങ്ങളും ഇരുവരും ചേര്‍ന്നാണ് പങ്കിട്ടെടുത്തത്. പാരിസ് സെന്റ് ജര്‍മ്മന്റെ ബ്രസീലിയന്‍ താരം നെയ്മറാണ് സമ്പാദ്യത്തില്‍ മൂന്നാം സ്ഥാനത്തുളളത്. 91.5 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന്റെ പുതിയ സീസണിലെ സമ്പാദ്യം. റയല്‍ താരം ഗാരത് ബെയിലിന് 44 മില്യണ്‍ യൂറോയാണ് വരുമാനം. ബാഴ്സ പ്രതിരോധക്കാരന്‍ ജെരാര്‍ഡ് പിക്ക് 29 മില്യണ്‍ യൂറോയാണ് നേടുന്നത്.

പരിശീലകരില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായ മൊറിഞ്ഞ്യോയാണ് കൂടുതല്‍ വരുമാനം നേടുന്നത്. 26 മില്യണ്‍ യൂറോയാണ് അദ്ദേഹത്തിന്റെ വരുമാനം. ചൈനയുടെ പരിശീലകനായ മാഴ്സെലോ ലിപ്പിയാണ് രണ്ടാം സ്ഥാനത്ത്. 23 മില്യണ്‍ യൂറോയാണ് വരുമാനം. അറ്റ്ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സൈമണാണ് പിന്നിലുളളത്. ഇവര്‍ക്ക് പിന്നിലായ , സിനദിന്‍ സിദാനുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ