അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസി ‘നേതാവ് അല്ല’ എന്ന് ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ. മെക്സിക്കോയില്‍ ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനം. ‘ഒരു മത്സരത്തിന് മുമ്പ് അടിക്കടി 20 തവണയെങ്കിലും കുളിമുറിയിലേക്ക് പോകുന്ന ഒരാളെ നേതാവാക്കാന്‍ നോക്കുന്നത് അനാവശ്യമായ കാര്യമാണ്,’ മറഡോണ ഫോക്സ് സ്പോര്‍ട്സിനോട് പറഞ്ഞു.

‘പരിശീലകനോടോ കളിക്കാരോടോ പറയും മുമ്പേ അയാള്‍ കളിസ്ഥലത്ത് ഉണ്ടാകും. പിന്നെ ഒരു നേതാവായി മാറണം എന്നാണ് അയാളുടെ ആവശ്യം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കൊപ്പം തന്നെ ലോകത്തെ മികച്ച താരമാണ് മെസി. പക്ഷെ അയാള്‍ നേതാവ് ഒന്നുമല്ല,’ മറഡോണ പറഞ്ഞു.

എന്നാല്‍ റഷ്യയില്‍ ഇത്തവണ മെസിക്ക് ഒന്നും ചെയ്യാനായില്ലെന്നും അര്‍ജന്റീനയ്ക്ക് 1986ല്‍ ലോകകപ്പ് നേടിക്കൊടുത്ത മറഡോണ പറഞ്ഞു. ‘മെസിയില്‍ നിന്നും ഒരു ദൈവത്തെ ഉണ്ടാക്കുന്നത് നിര്‍ത്താം. ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ മെസി മെസിയാണ്. എന്നാല്‍ അര്‍ജന്റീനയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അയാള്‍ മറ്റൊരാളാണ്. മെസിയില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് കിട്ടണമെങ്കില്‍ അയാളെ ഒരു നേതാവായി കാണുന്നതില്‍ നിന്ന് പിന്തിരിയണം,’ മറഡോണ വ്യക്തമാക്കി.

ലോകകപ്പിലെ ടീമിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം മെസിയുടെ ചുമലില്‍ വയ്ക്കാനാണ് സഹതാരങ്ങളും ടീം മാനേജ്‌മെന്റും ശ്രമിച്ചതെന്നായിരുന്നു നേരത്തേ മറഡോണ പറഞ്ഞത്. ‘വിമര്‍ശനങ്ങളില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. ഒട്ടും ശരിയല്ലാത്ത വിമര്‍ശനങ്ങളാണ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് മെസിക്ക് അനുഭവിക്കേണ്ടി വന്നത്. നമ്മള്‍ അയാള്‍ക്കുവേണ്ടി കണ്ണീരൊഴുക്കും, കാരണം അയാളെപ്പോലെ മറ്റൊരു കളിക്കാരനില്ല.”

”സീനിയര്‍ താരമായ മഷെറാനോ പോലും റഷ്യന്‍ ലോകകപ്പില്‍ മെസിയെ വേണ്ടവിധം പിന്തുണച്ചിട്ടില്ല. മഷെറാനൊയുടെ കാര്യത്തില്‍ എനിക്ക് തെറ്റുപറ്റി. ഞാന്‍ കരുതി അയാള്‍ നല്ലൊരു ലീഡറാണെന്ന്. എന്നാല്‍ വിചാരിച്ച ആളല്ല അയാള്‍. മെസി എന്റേതു മാത്രമാണ്. എല്ലാ കുറ്റങ്ങളും മെസിയില്‍ ചാര്‍ത്താന്‍ എളുപ്പമാണ്. അങ്ങനെ ചെയ്യുന്നതിലൂടെ അവരാ കുട്ടിയെ കൊല്ലുകയാണ്. മെസിയെ മാത്രമല്ല, എന്നെയും. കാരണം അയാളെ ആരെങ്കിലും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നുവെങ്കില്‍ അയാളെ പിന്തുണച്ച് രംഗത്തുവരണം. അല്ലാതെ നിശബ്ദരായിരിക്കുകയല്ല വേണ്ടതെന്നും മറഡോണ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook