ബാലൺ ഡി ഓർ പുരസ്ക്കാരവും ക്ലബ് ലോകകപ്പും നേടിക്കൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അരങ്ങ് വാഴുന്നതിനിടെ നിർഭാഗ്യത്തിന്റെ പാതയിലാണ് സൂപ്പർ താരം ലയണൽ മെസി. പുരസ്കാര വേദികളിൽ റൊണാൾഡോയ്ക്ക് പിന്നിൽ രണ്ടാമൻ ആകുന്നതല്ല മെസിയെ നിരാശപ്പെടുത്തുന്നത്. മറിച്ച് ഗോളിന് മുന്നിൽ രൂപപ്പെട്ട ലക്ഷ്മണ രേഖയാണ് ലയണൽ മെസിയെ കുഴക്കുന്നത്.

2017-18 സീസണിൽ ഇതുവരെ 21 മൽസരങ്ങളാണ് സൂപ്പർ താരം ലയണൽ മെസി കളിച്ചിട്ടുള്ളത്. എന്നാൽ ഇത്രയും മൽസരങ്ങളിൽ 23 തവണയാണ് മെസിയുടെ ഷോട്ടുകൾ പോസ്റ്റിൽ തട്ടി പുറത്ത് പോയത്. ഇത്രയും അവസരങ്ങൾ ഗോളായി മാറിയിരുന്നെങ്കിൽ മെസിയുടെ ഗോൾ നേട്ടം 35 പിന്നിട്ടേനെ.

ലാലീഗയിൽ 15 മൽസരങ്ങളിൽ കളിച്ച മെസി 14 ഗോളുകൾ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ 6 മൽസരങ്ങളിൽ ബൂട്ട്കെട്ടിയ മെസി 3 ഗോളുകൾ നേടിയിട്ടുണ്ട്. ലാലിഗയിൽ 15 തവണയാണ് ലയണൽ മെസിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചത്.

ഡിപ്പോർട്ടീവോ ലാകാരുണയ്ക്കെതിരെ ഇന്നലെ നടന്ന മൽസരത്തിൽ മെസിയുടെ 2 ഷോട്ടുകളാണ് പോസ്റ്റിൽ തട്ടി പുറത്ത് പോയത്. മറ്റൊരു തവണ മെസിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ പൗളിഞ്ഞോ പന്ത് പോസ്റ്റിലേക്ക് തിരിച്ച് വിടുകയായിരുന്നു. ഇന്നലെ നടന്ന മൽസരത്തിൽ ഡിപ്പോർട്ടീവോയെ എതിരില്ലാത്ത 4 ഗോളുകൾക്കാണ് ബാഴ്സിലോണ തകർത്തത്. ലൂയി സുവാരസ്, പൗളീഞ്ഞോ എന്നിവരുടെ ഇരട്ടഗോളുകളാണ് ബാഴ്സയുടെ വിജയം ഒരുക്കിയത്.

ഇന്നലെ നടന്ന മൽസരത്തിൽ മെസി ഒരു പെനാൽറ്റി പാഴാക്കുകയും ചെയ്തിരുന്നു. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇത് മൂന്നാം തവണയാണ് മെസി ബാഴ്‌സയ്ക്കായി ലഭിച്ച പെനാല്‍റ്റി നഷ്ടപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ ബാഴ്‌സയുടെ മുന്‍ താരം സാമുവല്‍ ഏറ്റൂ ഇട്ട റെക്കോര്‍ഡിനൊപ്പം മെസി എത്തി എന്ന ‘വിശേഷണ’വുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ