ബ്യൂണസ് ഐറിസ്: ലോകകപ്പ് മോഹങ്ങള്‍ക്ക് ചിറകു നല്‍കി അര്‍ജന്റീന. ഫുട്‌ബോള്‍ മാമാങ്കത്തിന് തയ്യാറെടുക്കുന്ന എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മെസിയും സംഘവും. ഹെയ്തിയ്‌ക്കെതിരായ സന്നാഹ മൽസരത്തില്‍ മെസിയുടെ ഹാട്രിക്കിന്റെ കരുത്തില്‍ തകര്‍പ്പന്‍ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്.

മറുപടിയില്ലാത്ത നാലു ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. മെസി മൂന്നും അഗ്യൂറോ ഒരു ഗോളും നേടി. ചെറിയ ടീമാണേലും ലോകകപ്പിന് മുന്നോടിയായുള്ള വമ്പന്‍ ജയം അര്‍ജന്റീനയ്ക്ക് കരുത്ത് പകരുമെന്നുറപ്പാണ്.

കളി തുടങ്ങി 17-ാം മിനിറ്റിലായിരുന്നു മെസി ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റി ഗോളാക്കി മാറ്റി മെസിയാണ് ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. ആദ്യ പകുതിയില്‍ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളു. രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ നേടിയത്.

58-ാം മിനിറ്റിലും 66-ാം മിനിറ്റിലും ഗോള്‍വല കുലുക്കി മെസി ഹാട്രിക് തികച്ചപ്പോള്‍ തൊട്ടടുത്ത നിമിഷം അഗ്യൂറോയിലൂടെ അര്‍ജന്റീന പട്ടിക തികച്ചു. ലോകകപ്പിന് മുന്‍പ് ഇനി ഇസ്രായേലുമായാണ് അര്‍ജന്റീനയുടെ മൽസരം. ലോകകപ്പിലെ ആദ്യമൽസരത്തില്‍ ഐസ്‌ലാന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ