ബാഴ്സലോണ: ആളൊഴിഞ്ഞ നൗകാമ്പ് മൈതാനത്ത് ലാ പാമാസിനെതിരെ ബാഴ്സലോണയ്ക്ക് തിളക്കമാർന്ന ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണയുടെ വിജയം. ആളൊഴിഞ്ഞ മൈതാനത്ത് വിസിൽ ശബ്ദം പോലും ബഹളമായി.
ബാഴ്സയ്ക്ക് വേണ്ടി ലയണൽ മെസ്സി രണ്ട് ഗോളുകൾ നേടി. സെർജിയോ ബസ്കെറ്റസ് ഒരു ഗോളും നേടി. പാൽമാസിനെതിരെ ആദ്യ പകുതിയിൽ ബാഴ്സയുടെ നില പരുങ്ങലിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ബാഴ്സ ശക്തമായി തിരികെ വന്നു.
സെർജിയോ ബസ്കെറ്റസ് ആണ് ആദ്യ ഗോൾ നേടിയത്. പിന്നാലെ രണ്ട് തുടർഗോളുകൾ നേടി മെസ്സി ബാഴ്സയുടെ വിജയം പൂർത്തിയാക്കി. ഇതോടെ ഏഴ് മത്സരങ്ങൾ വിജയിച്ച ബാഴ്സയ്ക്ക് 21 പോയിന്റായി.
വിമതർ കാറ്റലോണിയ സ്വതന്ത്ര രാജ്യമാക്കണമെന്ന ആവശ്യമുയർത്തിയതോടെ സംഘട്ടനം നടക്കുകയായിരുന്ന ബാഴ്സലോണയിൽ മത്സരം മാറ്റിവയ്ക്കണമെന്ന ആവശ്യം ലാലിഗ അധികൃതർക്ക് മുന്നിൽ വച്ചിരുന്നു. ബാഴ്സലോണ ഫുട്ബോൾ ക്ലബാണ് ഈ ആവശ്യം ഉയർത്തിയത്.
ലാ പാൽമാസ് സ്പെയിനിന് അനുകൂലമായ നിലപാടാണ് പ്രഖ്യാപിച്ചത്. ബാഴ്സലോണ ക്ലബ് പക്ഷെ കാറ്റലോണിയ സ്വതന്ത്ര്യത്തിന് വേണ്ടിയാണ് നിലയുറപ്പിച്ചത്. മത്സരം നടക്കില്ലെന്ന സ്ഥിതി വന്നതോടെ ലാലിഗ അധികൃതർ മൈതാനം അടച്ചിട്ട് മത്സരം നടത്താൻ ആവശ്യപ്പെടുകയായിരുന്നു.