മികച്ച പുരുഷ ഫുട്ബോളർക്കായുള്ള പുരസ്കാരത്തിന് സൂപ്പർ താരം മെസി വോട്ട് ചെയ്തവരിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോയില്ല. തന്റെ മൂന്ന് വോട്ടുകളും മറ്റ് താരങ്ങൾക്കാണ് മെസി നൽകിയത്. എന്നാൽ റൊണാൾഡോ വോട്ട് ചെയ്ത താരങ്ങളിൽ ഒരാൾ മെസിയാണെന്നും ഫിഫ വെളിപ്പെടുത്തി.

അന്തിമ പട്ടികയിൽ ഇടംപിടിച്ച റൊണാൾഡോയെയും മെസിയെയും മറികടന്ന് ബയേൺ മ്യൂണിക്കിന്റെ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്ക്കിയാണ് പുരസ്കാരം നേടിയത്. വ്യാഴാഴ്ച നടന്ന പുരസ്കാര പ്രഖ്യാപന ചടങ്ങിന് ശേഷമാണ് ദേശീയ ടീം നായകന്മാരുടെയും പരിശീലകരുടെയും വോട്ട് ഫിഫ വെളിപ്പെടുത്തിയത്.

അർജന്റീനിയൻ ക്യാപ്റ്റൻ മെസി ബാഴ്സലോണയിൽ തന്റെ സഹതാരമായിരുന്ന നെയ്മറിനും ഫ്രഞ്ച് താരം കെയ്‌ലിയൻ എംബാപ്പെക്കും പുരസ്കാര ജേതാവ് കൂടിയായ ലെവൻഡോസ്ക്കിക്കുമാണ് വോട്ട് ചെയ്തത്. നെയ്മറും എംബാപ്പെയെയും പാരിസ് സെന്റ് ജർമനുവേണ്ടിയാണ് കളിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ലയണല്‍ മെസിയാണ് കിരീടം നേടിയത്. രണ്ട് വര്‍ഷം യുവന്റസ് താരം റൊണാള്‍ഡോയും പുരസ്‌ക്കാരം നേടി. 13 വര്‍ഷത്തിനിടെ മെസ്സിയും റൊണാള്‍ഡോയുമല്ലാതെ ഫിഫ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവന്‍ഡോവ്‌സ്‌കി. 2018-ല്‍ പുരസ്‌കാരം നേടിയ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചാണ് മറ്റൊരു താരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook