അര്‍ജന്റീന ലോകകപ്പ് വിജയം ആഘോഷിക്കുമ്പോള്‍ ലയണല്‍ മെസ്സി തന്നെയാണ് ലോകത്തിന്റെ നെറുകയിലെത്തിയത്. തന്റെ കരിയര്‍ അവസാനത്തിലെ സുവര്‍ണ്ണ നേട്ടത്തില്‍ മെസിക്കൊപ്പം ആരാധകരും ആഘോഷിക്കുകയാണ്. അര്‍ജന്റീന ലോക്കര്‍ റൂമില്‍ മെസ്സി ഉള്‍പ്പെടെയുള്ള സഹതാരങ്ങളുടെ ആഘോഷങ്ങള്‍ ആരാധകര്‍ക്കായി പങ്കിട്ടിരിക്കുകയാണ് നിക്കോളാസ് ഒട്ടാമെന്‍ഡി.
ലോകകപ്പ് ട്രോഫിയുമായി ഡ്രസ്സിങ് റൂമിലെത്തിയ മെസ്സി മേശയുടെ മുകളിലേക്ക് കയറുമ്പോള്‍ അര്‍ജന്റീന ക്യാമ്പ് മുഴുവന്‍ ആഘോഷ തിമര്‍പ്പിലായിരുന്നു. ലൗട്ടാരോ മാര്‍ട്ടിനെസും മെസ്സിയും ട്രോഫിയുമായി മേശയ്ക്ക് മുകളില്‍ നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോയില്‍ എയ്ഞ്ചല്‍ ഡി മരിയയും സെര്‍ജിയോ അഗ്യൂറോയും മുതല്‍ എല്ലാവരും ക്യാമറക്ക് തല കാണിക്കുന്നതും കാണാം. ഈ സമയം മറുവശത്ത് അര്‍ജന്റീനന്‍ താരങ്ങള്‍ പാട്ട് പാടി ആഘോഷിക്കുന്നതും കാണാം.
ലോകകപ്പ് ട്രോഫിയുമായി അര്‍ജന്റീനയിലേക്ക് മടങ്ങാന്‍ അധികം കാത്തിരിക്കാനാവില്ലെന്ന് മത്സരശേഷം മെസ്സി പ്രതികരിച്ചിരുന്നു. ഫൈനലിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു മെസ്സിയുടെ പ്രതികരണം. താന്‍ ഈ നിമിഷം വളരെക്കാലം ആഗ്രഹിച്ച ഒന്നായിരുന്നു അദ്ദേഹം പറഞ്ഞു.
‘ദൈവം എനിക്ക് ഈ സമ്മാനം കൊണ്ടുവരുമെന്ന് എനിക്കറിയാമായിരുന്നു, ഈ ലോകകപ്പ് തന്നെയാണതെന്ന് എനിക്ക് തോന്നി, ഇതിന് വളരെ സമയമെടുത്തു, പക്ഷേ ഇതാ,” മെസ്സി പറഞ്ഞു. ”ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷേ ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞു. ഈ ആഘോഷത്തിന് സാക്ഷ്യം വഹിക്കാന്‍ അര്‍ജന്റീനയില്‍ എത്താന്‍ അധികം കാത്തിരിക്കാനാവില്ലെന്നും മെസി പറഞ്ഞു.
ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി അറേബ്യയോട് 2-1 ന് ഞെട്ടിക്കുന്ന തോല്‍വിക്ക് ശേഷം ആ ഇരുണ്ട നിമിഷങ്ങളില്‍ നിന്ന് ടീമിനെ കരകയറ്റിയാണ് മെസി കപ്പുയര്‍ത്തിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടിയതോടെയാണ് കിരീടം നിര്‍ണയിക്കാന്‍ പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് കടക്കേണ്ടി വന്നത്. ഷൂട്ടൗട്ടില്‍ അര്‍ജന്റീനയ്ക്കായി കിക്കെടുത്ത നാല് പേര്‍ക്കും പിഴച്ചില്ല. എന്നാല്‍ ഫ്രാന്‍സിന്റെ രണ്ട് താരങ്ങള്‍ പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു.