റഫറീയിങ്ങിലെ പിഴവ് ഒരിക്കൽ കൂടി കോപ്പ അമേരിക്കയിൽ ആവർത്തിച്ചപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടി വന്നത് ലയണൽ മെസിയായിരുന്നു. കോപ്പ അമേരിക്കയിലെ ലൂസേഴ്സ് ഫൈനൽ പോരാട്ടം പാതിയിൽ ഉപേക്ഷിച്ച് മെസി കൂടാരം കയറി. പിന്നീടൊരിക്കലും തിരിച്ചെത്തിയില്ല. അർജന്റീനയുടെ വിജയം ആഘോഷിക്കാനും മൂന്നാം സ്ഥാനക്കാരുടെ മെഡൽ സ്വീകരിക്കാനും അയാൾ മൈതാനത്ത് കാലുകുത്തിയില്ല. അത്രത്തോളം അത് അയാളെ വിഷമിപ്പിച്ചിരുന്നു. കാരണം തന്റെ കരിയറിൽ ഇത് രണ്ടാം തവണ മാത്രമാണ് മെസി റെഡ് കാർഡ് കാണുന്നത്.

“എനിക്ക് ഒരുപാട് ദേഷ്യം തോന്നുന്നു. ആ റെഡ് കാർഡ് എനിക്ക് കിട്ടേണ്ടതല്ല. ഞങ്ങൾ നന്നായി കളിച്ചുവരികയായിരുന്നു.” മെസി പറഞ്ഞു.

Also Read: കോപ്പയിൽ കണ്ണീരുമായി മെസി; ചിലിയെ തകർത്ത് അർജന്റീന മൂന്നാം സ്ഥാനത്ത്

പരസ്പരം തമ്മിലടിച്ചതിനാണ് 37-ാം മിനിറ്റില്‍ ലയണല്‍ മെസിക്കും ചിലി താരം ഗാരി മെദലിനും ചുവപ്പുകാര്‍ഡ് ലഭിച്ചത്. മത്സരത്തിലുടനീളം ഏഴ് മഞ്ഞക്കാര്‍ഡുകളും രണ്ട് ചുവപ്പുകാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. 34-ാം മിനിറ്റിൽ ചിലി നായകൻ ഗാരി മെദലിനെ മെസി ചലഞ്ച് ചെയ്തതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. സംഭവത്തിൽ പ്രകോപിതനായ ഗാരി മെസിയുടെ നേരെ തട്ടികയറി. താരങ്ങളുടെ അടുത്തേക്ക് പാഞ്ഞുവന്ന പരഗ്വേക്കാരൻ റഫറി മരിയോ ഡിയാസ് റെഡ് കാർഡെടുത്ത് ഇരുവരെയും മടക്കി അയച്ചു.

ഇതിന് മുമ്പ് ഒരിക്കൽ മാത്രമാണ് തന്റെ കരിയറിൽ മെസി ചുവപ്പ് കാർഡ് കണ്ടിട്ടുള്ളു. അതും അർജന്റീനിയൻ കുപ്പായത്തിലായിരുന്നു. 2005ൽ അർജന്റീനക്ക് വേണ്ടി ഹംഗറിക്കെതിരെ അരങ്ങേറ്റം കുറിക്കുന്ന മത്സരത്തിലായിരുന്നു മെസിയുടെ ആദ്യ ചുവപ്പ് കാർഡ്. ചിലിക്കെതിരെ റെഡ് കാർഡ് കണ്ടതോടെ ലോകകപ്പ് യോഗ്യത മത്സരം മെസിക്ക് നഷ്ടമാകും.

ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ച ചുവപ്പ് കാർഡുമായി മെസി കളം വിട്ട കോപ്പ അമേരിക്കയുടെ ലൂസേഴ്സ് ഫൈനൽ പോരാടത്തിൽ അർജന്റീനക്ക് ജയം. ചിലിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അർജന്റീന മൂന്നാം സ്ഥാനത്ത് ടൂർണമെന്റ് അവസാനിപ്പിച്ചത്. സെർജിയോ അഗ്യൂറോ, പൗളോ ഡൈബാല എന്നിവരാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. ചിലിയുടെ ആശ്വാസ ഗോൾ അർതുറോ വിദാലിന്റെ വകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook